സുധാകരനെ തൊട്ടാല്‍ കളി മാറും; കെ.സി. വന്നിട്ടും വഴങ്ങാതെ ‘കണ്ണൂരിലെ സിംഹം’; സണ്ണി ജോസഫും കുടുക്കില്‍, കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് കണ്ണൂരിലെ ‘സുധാകര പ്രഭാവം’. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് നിലനില്‍ക്കെ, തന്റെ തട്ടകമായ കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന ഉറച്ച നിലപാടില്‍ കെ. സുധാകരന്‍ ഉറച്ചുനില്‍ക്കുന്നത് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരിട്ടെത്തി അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും സുധാകരന്‍ വഴങ്ങാത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
കണ്ണൂരില്‍ സുധാകരനെ തഴയാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാത്രി വൈകിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുധാകര അനുകൂല പ്രകടനങ്ങളും പ്രതികരണങ്ങളും ഇരമ്പുകയാണ്. സുധാകരനെ മാറ്റിനിര്‍ത്തി വി.ഡി. സതീശന്‍ പക്ഷം നിര്‍ദ്ദേശിക്കുന്ന ഒരാളെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അണികളുടെ മുന്നറിയിപ്പ്. കണ്ണൂരില്‍ സുധാകരന് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം അയല്‍ മണ്ഡലമായ പേരാവൂരിലും പ്രതിഫലിക്കും. കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന്റെ പേരാവൂരിലെ വിജയസാധ്യതയെപ്പോലും ഇത് ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സുധാകരന്‍ ഇടഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ യു.ഡി.എഫ് സംവിധാനം തന്നെ തകിടം മറിയുമെന്ന ഭയത്തിലാണ് പ്രാദേശിക നേതാക്കള്‍.
എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് വരാന്‍ അനുവദിക്കില്ലെന്ന ‘വേണുഗോപാല്‍-സതീശന്‍’ അച്ചുതണ്ടിന്റെ തന്ത്രങ്ങളെ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് സുധാകരന്‍ പ്രതിരോധിക്കുന്നത്. തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന ആളെ നിര്‍ത്തണമെന്ന മിനിമം ഡിമാന്‍ഡും അട്ടിമറിക്കപ്പെട്ടതോടെയാണ് സുധാകരന്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. രമേശ് ചെന്നിത്തലയുടെ പിന്തുണ കൂടി ലഭിച്ചതോടെ സുധാകരന്‍ ക്യാമ്പ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. കണ്ണൂരിലെ തീയ്യ പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടിയും സുധാകര വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ മാത്രമേ ഈ ‘കണ്ണൂര്‍ കുരുക്ക്’ അഴിക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സുധാകരനെ പിണക്കി കണ്ണൂരില്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നാല്‍ അത് കോണ്‍ഗ്രസിന്റെ ചെങ്കോട്ട പിടിക്കാനുള്ള മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.
കണ്ണൂരില്‍ കെ. സുധാകരന്‍ ഉയര്‍ത്തിയ കലാപത്തിന് പിന്നാലെ, നിയമസഭാ സീറ്റിനായി ഉറച്ച നിലപാടുമായി ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായും വഴിമുട്ടുകയായിരുന്നു. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കെ.സി. വേണുഗോപാല്‍ – വി.ഡി. സതീശന്‍ സഖ്യത്തിന്റെ തീരുമാനത്തിനെതിരെ സുധാകരനൊപ്പം അടൂര്‍ പ്രകാശും കൈകോര്‍ത്തതോടെ ഹൈക്കമാന്‍ഡ് കടുത്ത സമ്മര്‍ദ്ദത്തിലായി. തന്റെ പഴയ തട്ടകമായ കോന്നിയില്‍ തന്നെ മത്സരിക്കണമെന്നാണ് അടൂര്‍ പ്രകാശിന്റെ ആവശ്യം.
അടൂര്‍ പ്രകാശിനെ ഒതുക്കാന്‍ കെ.സി – വി.ഡി അച്ചുതണ്ടിന് എളുപ്പമാകുമെന്ന് കരുതിയിരുന്നെങ്കിലും, സുധാകരന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി പ്രകാശിനും ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വിജയസാധ്യതയുള്ള നേതാക്കളെ തഴയുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഇരുവരും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു കഴിഞ്ഞു. സുധാകരനെപ്പോലെ തന്നെ സ്വന്തം മണ്ഡലത്തിലും ജില്ലയിലും ശക്തമായ സ്വാധീനമുള്ള അടൂര്‍ പ്രകാശിനെ പിണക്കുന്നത് പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് സാധ്യതകളെ ബാധിക്കുമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് സുധാകരന് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന ആവശ്യത്തിന് പിന്നാലെ, തനിക്കും അര്‍ഹമായ പരിഗണന വേണമെന്നാണ് അടൂര്‍ പ്രകാശിന്റെ പക്ഷം. കോന്നിയില്‍ അടൂര്‍ പ്രകാശ് വന്നാല്‍ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയൂ എന്ന വികാരം പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. എന്നാല്‍ എം.പിമാരെ കൂട്ടത്തോടെ നിയമസഭയിലേക്ക് വിടുന്നത് ലോക്‌സഭാ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന വാദമുയര്‍ത്തി സതീശന്‍ പക്ഷം ഇതിനെ പ്രതിരോധിക്കുന്നു.
കെ.സി. വേണുഗോപാലും വി.ഡി. സതീശനും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ പ്രമുഖരെ വെട്ടിനിരത്തിയെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് അടൂര്‍ പ്രകാശിന്റെയും സുധാകരന്റെയും നീക്കങ്ങള്‍. രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. കോന്നിയില്‍ അടൂര്‍ പ്രകാശിനെ തഴഞ്ഞാല്‍ അത് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും. കണ്ണൂരിലെയും കോന്നിയിലെയും സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ തുടരുമെന്നുറപ്പാണ്. സുധാകരനും അടൂര്‍ പ്രകാശും ഒന്നിച്ച് നില്‍ക്കുന്നത് കെ.സി – വി.ഡി പക്ഷത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.