കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കളം മുറുകുമ്പോള്‍ കണ്ണൂരില്‍ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ വികാരാധീനമായ രംഗങ്ങള്‍. കരുത്തനായ നേതാവ് കെ. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചില്ലെങ്കില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യില്ലെന്ന കടുത്ത പ്രഖ്യാപനവുമായി അണികള്‍ തെരുവിലിറങ്ങി. എം.പി.മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് ഫോര്‍മുലയില്‍ സുധാകരനെ തളയ്ക്കാനുള്ള നീക്കത്തിനെതിരെ ‘കെ.എസ്. ഫാന്‍സ്’ അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ അശാന്തി പുകയുകയാണ്.
കണ്ണൂര്‍ രാജാറോഡ് കവല മുതല്‍ സുധാകരന്റെ വസതി വരെ പ്രതിഷേധത്തിന്റെയും സ്‌നേഹപ്രകടനങ്ങളുടെയും തിരമാലകളാണ്. ‘സുധാകരന്‍ പറഞ്ഞാല്‍ ഏത് പാതാളത്തിലേക്കും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. അദ്ദേഹം കേരളത്തില്‍ വേണം, കണ്ണൂരില്‍ വേണം. നിയമസഭയില്‍ മത്സരിക്കാമെന്ന ഉറപ്പിലാണ് കഴിഞ്ഞ തവണ എം.പി.യായത്. ആ വാക്ക് ലംഘിച്ചാല്‍ ഒരു വോട്ടും പെട്ടിയില്‍ വീഴില്ല’ – രോഷം അണപൊട്ടി ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റിയും പി. മുഹമ്മദ് ഷമ്മാസും ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് കരുത്തര്‍ സുധാകരന്റെ വീടിന്റെ പൂമുഖത്ത് അണിനിരന്നതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സിരകളില്‍ ചൂടുപിടിച്ചു.
ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ നിന്ന് ഇറങ്ങിപ്പോന്ന സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് അണികളുടെ കണ്ണുകളെ ഈറനണിയിച്ചു. ‘കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്, എന്റെ മേല്‍വിലാസമാണ്…’ എന്ന സുധാകരന്റെ വാക്കുകള്‍ വെറുമൊരു പോസ്റ്റല്ല, മറിച്ച് നേതൃത്വത്തിന് നേരെ തൊടുത്ത അസ്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ആയുധങ്ങളുമായി വരാനിരിക്കുന്ന കാപാലികര്‍ക്ക് മുന്നില്‍ തന്റെ അണികളെ വിട്ടുകൊടുക്കില്ലെന്ന സുധാകരന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് പാളയത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു.
കണ്ണൂരിലെ ‘സുധാകര വികാരം’ കത്തിപ്പടരുന്നത് ഹൈക്കമാന്‍ഡിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും എം.പി.മാര്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന കര്‍ക്കശമായ നിലപാടില്‍ നില്‍ക്കുമ്പോഴും, സുധാകരനെ പിണക്കുന്നത് ആത്മഹത്യാപരമാണെന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു. പ്രശ്‌നപരിഹാരത്തിനായി രാഹുല്‍ ഗാന്ധി സുധാകരനെ നേരിട്ട് ഡല്‍ഹിക്ക് വിളിപ്പിച്ചു കഴിഞ്ഞു.
ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഇങ്ങനെ:
ഒന്നെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ സുധാകരന് മാത്രമായി പ്രത്യേക ഇളവ് നല്‍കുക.
അല്ലെങ്കില്‍ സുധാകരന്‍ നിര്‍ദ്ദേശിക്കുന്ന വിശ്വസ്തനായ പിന്‍ഗാമിയെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കുക.
സണ്ണി ജോസഫും ചെന്നിത്തലയും മൗനം പാലിക്കുമ്പോഴും, കണ്ണൂരിലെ പോരാളികള്‍ കാത്തിരിക്കുന്നത് സുധാകരന്റെ ഒരു വാക്കിനാണ്. സുധാകരന്‍ വീണ്ടും ഡല്‍ഹിയിലേക്ക് പറക്കുമ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് മത്സരാനുമതി നല്‍കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നേമവും കഴക്കൂട്ടവും മഞ്ചേശ്വരവും ഉറപ്പിച്ചു; കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി; പാലക്കാടും ആറ്റിങ്ങലിലും കടുത്ത പോരാട്ടം; കാട്ടാക്കടയിലും വിജയസാധ്യതയെന്ന് വിലയിരുത്തല്‍





