ന്യൂഡൽഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിവേചനത്തിന് വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്വകാര്യ-സർക്കാർ മേഖലകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിലുടമകൾ പിന്മാറാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരമൊരു നിയമം സ്ത്രീകൾ ശാരീരികമായി ദുർബലരാണെന്ന തെറ്റായ സന്ദേശം നൽകുമെന്നും ലിംഗസമത്വത്തിനായുള്ള പോരാട്ടങ്ങളെ ഇത് ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആർത്തവ അവധി നൽകുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണ്. ഇക്കാര്യത്തിൽ ഉചിതമായ നയം രൂപീകരിക്കാൻ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധി നൽകുന്ന മാതൃക കോടതി പരാമർശിച്ചു. സ്വകാര്യ കമ്പനികൾ സ്വമേധയാ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് സ്വാഗതാർഹമാണെങ്കിലും നിയമം വഴി ഇത് അടിച്ചേൽപ്പിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.
ശബരിമല യുവതീ പ്രവേശത്തിലെ റഫറന്‍സ് വാദം: ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളോ? സുപ്രീംകോടതിയുടെ ചോദ്യം;ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗരത്ന

ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിക്കില്ല; ഉദ്ഘാടന വേദിയില്‍ നിലപാടുമായി ഒമര്‍ അബ്ദുള്ള; കയ്യടിച്ച് സോഷ്യല്‍ മീഡിയ





