പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ കടുത്ത നടപടികള്‍ ഉടന്‍ വേണ്ടെന്ന തീരുമാനത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം. പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തല്ക്കാലം തുടരുമെങ്കിലും, പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന നേതൃത്വം പരോക്ഷ നിര്‍ദ്ദേശം നല്കി.
കേസില്‍ അന്തിമ തീരുമാനം വരുന്നത് വരെ പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗികമായി തുടരും. പെട്ടെന്നുള്ള പുറത്താക്കല്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യുമെന്ന ഭയമാണ് ഈ മൃദുസമീപനത്തിന് പിന്നില്‍. ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പത്മകുമാറിനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പത്മകുമാറിനെ നീക്കം ചെയ്തിരുന്നു. ആഭ്യന്തര ചര്‍ച്ചകളില്‍ നിന്നും വിവരങ്ങളില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്താനാണ് ഈ നീക്കം. സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ വെട്ടിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പത്മകുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വര്‍ണ്ണം അപഹരിച്ച കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധിക്ക് ശേഷമാണ് പത്മകുമാര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
ദേവസ്വം മിനിറ്റ്സ് തിരുത്തി സ്വര്‍ണ്ണക്കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടുനിന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ നിലനില്‍ക്കെ, പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നുള്ള പുറത്താക്കല്‍ പത്മകുമാറിന് മേലുള്ള പാര്‍ട്ടി സംരക്ഷണം അവസാനിക്കുന്നു എന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. എങ്കിലും പരസ്യമായ നടപടിയിലൂടെ നിലവിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം തന്നെ വെട്ടിമുറിച്ച മുന്‍ മന്ത്രി! ആന്റണി രാജു ഇനി ‘അഴിയെണ്ണുമോ’? ജട്ടിക്കേസില്‍ കുരുക്ക് മുറുകുന്നു; വക്കീല്‍ പണി തെറിക്കും; കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല





