സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ മെനുവിൽ ഇനി മീൻ വിഭവങ്ങളും!;ഏപ്രിൽ 1 മുതൽ ജയിലുകളിൽ മത്സ്യഫെഡിന്റെ വക സ്പെഷ്യൽ; മത്തിയും അയലയും ചൂരയും എത്തും

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ പരിഷ്കാരം. ഏപ്രിൽ ഒന്ന് മുതൽ കേരളത്തിലെ 57 ജയിലുകളിലും മത്സ്യഫെഡ് നേരിട്ട് മത്സ്യം എത്തിക്കും. ഇത് സംബന്ധിച്ച് ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ രണ്ട് ദിവസം തടവുകാർക്ക് മത്സ്യവിഭവങ്ങൾ നൽകും. നിലവിൽ മത്സ്യലഭ്യതയിലുള്ള കുറവ് മൂലം പലപ്പോഴും മെനുവിൽ നിന്ന് മത്സ്യം ഒഴിവാക്കേണ്ടി വന്നിരുന്നു.

ഹാർബറുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം ശീതീകരണ സൗകര്യമുള്ള എട്ട് പുതിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ജയിലുകളിൽ എത്തിക്കുക. മത്സ്യഫെഡ് സമർപ്പിച്ച 25 ഇനം മത്സ്യങ്ങളുടെ പട്ടികയിൽ നിന്ന് മത്തി, അയല, ചൂര എന്നിവയ്ക്കാണ് ജയിൽ വകുപ്പ് അംഗീകാരം നൽകിയത്. ഇവ വൃത്തിയാക്കി കറിക്കഷണങ്ങളാക്കി പാകം ചെയ്യാൻ പാകത്തിലാണ് ജയിലുകളിൽ എത്തിക്കുന്നത്.

വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജയിൽ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകും. ഇവ പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും. ജയിലുകളിലേക്കുള്ള ഈ വിതരണം മത്സ്യഫെഡിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് എം.ഡി ഡോ. പി. സഹദേവൻ പറഞ്ഞു. തടവുകാർക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.