യുവജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുമോ? പെന്‍ഷന്‍ പ്രായം 60-ലേക്ക്? തിരക്കിട്ട ചര്‍ച്ചകളുമായി സര്‍ക്കാര്‍; പ്രവര്‍ത്തി ദിനവും അഞ്ചാകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ കയ്യിലെടുക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുന്നതിനും ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കി കുറയ്ക്കുന്നതിനുമുള്ള ആലോചനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമാണ്. പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉയര്‍ത്തിയത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിലേക്കുള്ള ആദ്യപടിയാണെന്ന സൂചനകള്‍ ഇതോടെ ശക്തമായി.
സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ മൂന്ന് ലക്ഷത്തോളം പേരുടെ പെന്‍ഷന്‍ പ്രായമാണ് 56-ല്‍ നിന്ന് 60-ലേക്ക് ഉയര്‍ത്താന്‍ പരിഗണിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള രണ്ടേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നിലവില്‍ തന്നെ 60 വയസ്സാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയല്ല, മറിച്ച് എല്ലാവര്‍ക്കും ഒരുപോലെ ‘ഏകീകരിക്കുക’യാണെന്ന വാദമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് വഴി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ജീവനക്കാര്‍ വിരമിക്കില്ല എന്നതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരില്ല.
ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഖജനാവിന് വലിയ ആശ്വാസമാകുമെങ്കിലും പി.എസ്.സി. റാങ്ക് പട്ടികകളില്‍ ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകും. ഇത് തിരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന നിര്‍ദ്ദേശവും സജീവ പരിഗണനയിലാണ്. സര്‍വ്വീസ് സംഘടനകള്‍ ഇതിനോട് അനുകൂല നിലപാടിലാണെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുമോ എന്ന ആശങ്ക ബാക്കിയാണ്.
മിക്ക സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാണെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ആവശ്യമാണ്. നയപരമായ ഈ തീരുമാനങ്ങളില്‍ എല്‍.ഡി.എഫിലും സി.പി.എമ്മിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. ഖജനാവിലെ പണമൊഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഈ ‘പെന്‍ഷന്‍ തന്ത്രം’ പുറത്തെടുക്കും എന്നാണ് വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പിന്  അടുത്ത് എത്തി നില്‍ക്കേ അഞ്ചേകാല്‍ ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഈ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ള ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. എന്നാല്‍ അതിന് മുന്‍പ് ജോലിയില്‍ പ്രവേശിച്ച മൂന്ന് ലക്ഷത്തോളം പേരുടെ വിരമിക്കല്‍ പ്രായം ഇപ്പോഴും 56 വയസ്സായി തുടരുന്നു. ഈ വിവേചനം അവസാനിപ്പിക്കാനായി എല്ലാവര്‍ക്കും പെന്‍ഷന്‍ പ്രായം 60 ആക്കി ‘ഏകീകരിക്കുക’ എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വാദം.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്ന് വര്‍ഷത്തേക്ക് നിലയ്ക്കുമെന്നതാണ് ഇതിന് കാരണം. ഈ പ്രതിഷേധം തണുപ്പിക്കാനാണ് പരീക്ഷാ പ്രായപരിധി 40 വയസ്സായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. ഈ രാഷ്ട്രീയ പ്രത്യാഘാതം ഭയന്നാണ് എല്‍.ഡി.എഫില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.