മലയാളത്തിന് ഔദ്യോഗിക ഭാഷാ പദവി; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു; സ്കൂളുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷ

തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന് പിന്നാലെ, 2025-ലെ മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവെച്ചതോടെയാണ് ഈ അഭിമാനനേട്ടം കൈവരിച്ചത്. 2015-ൽ സമാനമായ ബില്ല് നിയമസഭ പാസാക്കിയിരുന്നെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച തർക്കങ്ങൾ കാരണം അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയായി മാറും.

ഇതര ഭാഷകൾ മാതൃഭാഷയായുള്ള വിദ്യാർഥികൾക്ക് ആ ഭാഷയോടൊപ്പം മലയാളം കൂടി പഠിക്കാനുള്ള സൗകര്യം സ്കൂളുകളിൽ ഒരുക്കും. എന്നാൽ വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നു പഠിക്കുന്നവർക്ക് ഒമ്പത്, പത്ത് ക്ലാസുകളിലും ഹയർ സെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമാക്കിയിട്ടില്ല. സർക്കാർ സ്ഥാപനങ്ങളുടെ പേരുകൾ, ഉദ്യോഗസ്ഥരുടെ ബോർഡുകൾ, സർക്കാർ ലഘുലേഖകൾ, അറിയിപ്പുകൾ എന്നിവയെല്ലാം ഇനിമുതൽ മലയാളത്തിലായിരിക്കണം. ഔദ്യോഗിക ഉത്തരവുകൾക്കും ഭരണപരമായ ആവശ്യങ്ങൾക്കും മലയാളം തന്നെ ഉപയോഗിക്കണം. കേന്ദ്ര സർക്കാർ, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയുമായുള്ള കത്തിടപാടുകൾക്ക് മാത്രം ഇംഗ്ലീഷ് തുടർന്നും ഉപയോഗിക്കാം.

ജില്ലാ കോടതികൾ വരെയുള്ള വിധിന്യായങ്ങൾ ഘട്ടംഘട്ടമായി മലയാളത്തിലേക്ക് മാറ്റണമെന്നും നിയമം നിർദ്ദേശിക്കുന്നു. കൂടാതെ, സംസ്ഥാനത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതുമായ എല്ലാ വ്യവസായ ഉൽപന്നങ്ങളുടെയും പേരും ഉപയോഗക്രമവും മലയാളത്തിൽ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. ഭരണരംഗത്ത് മാറ്റങ്ങൾ വരുത്തുന്നതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ‘മലയാള ഭാഷാ വികസന വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാനും ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് കർണാടക സർക്കാർ ബില്ലിനെതിരെ രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.