ചിദംബരത്തിനെതിരെ അമിത വേഗതയില്‍ പോലീസ് നടപടി എടുക്കില്ല; പഴയ പരാതിയായതു കൊണ്ട് വിശദ നിയമോപദേശം തേടും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അതിവേഗ നടപടികളിലേക്ക് കടക്കാതെ പോലീസ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമായതിനാലും പരാതിയില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍ന്നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരി നിലവില്‍ വിദേശത്തായതിനാല്‍ അവര്‍ നാട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കേസിലെ വസ്തുതകള്‍ വിലയിരുത്തുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
2022-ല്‍ എളംകുളത്തെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മോശമായ രീതിയിലുള്ള ശാരീരിക സ്പര്‍ശനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍, നാലു വര്‍ഷം മുന്‍പ് നടന്ന സംഭവമായതിനാല്‍ ഇതില്‍ കൃത്യമായ തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. പരാതിക്കാരി രണ്ടു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ സമാനമായ ആരോപണം ഉന്നയിച്ചപ്പോള്‍ ചിദംബരം അവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്മാറാത്തതിലുള്ള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്ന വാദം കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.
നാലു വര്‍ഷത്തെ കാലതാമസത്തിന് ശേഷം ഇപ്പോള്‍ പരാതി നല്‍കിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ നിയമപരമായി പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ചിദംബരം ഉടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.
സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോ മുന്‍പത്തെ കേസുകളോ ആണോ പുതിയ പരാതിയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.