ടെഹ്റാന്‍: പശ്ചിമേഷ്യയെ ചാരമാക്കാന്‍ പോന്ന മഹായുദ്ധത്തിന്റെ കാഹളം മുഴക്കി ഇറാന്റെ പള്ളിമിനാരങ്ങളില്‍ പ്രതികാരത്തിന്റെ ചെങ്കൊടി ഉയര്‍ന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇസ്രയേല്‍-അമേരിക്കന്‍ സംയുക്ത ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിയും വധിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോകം മുള്‍മുനയിലായി.
ഖ്വാമിലെ ജംകരാന്‍ പള്ളിമിനാരത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചോരയ്ക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനവുമായി ചുവന്ന പതാക പാറിപ്പറന്നത്. ഷിയാ പാരമ്പര്യമനുസരിച്ച് ‘ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കാതെ അടങ്ങില്ല’ എന്ന സൈനികവും മതപരവുമായ യുദ്ധപ്രഖ്യാപനമാണിത്. പരമോന്നത നേതാവിന്റെ വധത്തിന് പകരം വീട്ടാന്‍ ഇറാന്‍ അതീവ പ്രഹരശേഷിയുള്ള ആക്രമണത്തിന് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
ഇറാന്‍ മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ് മേഖലയെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. ടെഹ്റാനിലെ നെജാദിയുടെ വസതിയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ വര്‍ഷത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖമനയിയെ വധിക്കാന്‍ മുപ്പതോളം ബോംബുകളാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് വര്‍ഷിച്ചത്. ഖമനയിയുടെ മകളും കൊച്ചുമകനും ആക്രമണത്തില്‍ ഇല്ലാതായതായും സ്ഥിരീകരണമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘നീതി നടപ്പിലാക്കപ്പെട്ടു’ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതോടെ അമേരിക്കയും യുദ്ധത്തില്‍ നേരിട്ട് പങ്കാളികളായെന്ന് വ്യക്തമായി. ഈ ആഴ്ച മുഴുവന്‍ ബോംബാക്രമണം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രവാസി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ മിസൈലുകള്‍ മഴപോലെ പെയ്തിറങ്ങുകയാണ്. ഇസ്രയേലിലെ ബെയ്ത് ഷെമേഷ് നഗരത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. യുഎഇയിലും കുവൈത്തിലും ഇറാന്റെ ഡ്രോണുകള്‍ നാശം വിതച്ചു. ദുബായിലെ ഇന്റര്‍നാഷണല്‍ സിറ്റിയിലും ബഹ്റൈനിലെ ഹമദ് ടൗണിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം മുറുകിയതോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 2 വരെ റദ്ദാക്കി. ഇതോടെ ആയിരക്കണക്കിന് മലയാളികളാണ് വിദേശ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നത്.
കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടത് സംഘര്‍ഷം ഏഷ്യന്‍ രാജ്യങ്ങളിലേക്കും പടരുന്നതിന്റെ സൂചനയാണ്. വരും മണിക്കൂറുകളില്‍ ഇറാന്റെ ഭാഗത്തുനിന്ന് വന്‍ സൈനിക നീക്കം ഉണ്ടാകുമെന്ന ഭീതിയില്‍ ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. യുദ്ധം കനത്തതോടെ ഗള്‍ഫ് നാടുകളില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ കടുത്ത ചങ്കിടിപ്പിലാണ്. യുഎഇയിലും കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി.
ദുബായിലെ ഇന്റര്‍നാഷണല്‍ സിറ്റിയിലും സായിദ് വിമാനത്താവളത്തിന് സമീപവും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത് വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇതിനിടെ, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് മാര്‍ച്ച് 2 വരെ നീട്ടിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതുവരെ ശക്തമായ ബോംബാക്രമണം തുടരുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇറാന്റെ പ്രതികാരം ഗള്‍ഫ് രാജ്യങ്ങളെ തകര്‍ക്കുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍ പ്രവാസി ലോകം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മട്ടന്നൂര്‍ വിട്ട് ശൈലജ പടക്കളത്തിലേക്ക്; എം.എ. ബേബിയുടെ വാക്കുകള്‍ക്ക് വഴങ്ങി ടീച്ചര്‍?





