വാഷിങ്ടണ്‍/ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ മേഖല മുമ്പെങ്ങുമില്ലാത്തവിധം പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ലോകത്തെ നടുക്കിയ പ്രഖ്യാപനം ട്രംപ് നടത്തിയത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളില്‍ ഒരാള്‍ ഇല്ലാതായിരിക്കുന്നു. ഇത് ഇറാനിലെ ജനങ്ങള്‍ക്കും ഖമനയിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാര്‍ക്കും ലോകത്തിന് തന്നെയും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനയിയുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി സഹകരിച്ച് നടത്തിയ മിന്നലാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ടെഹ്റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ലക്ഷ്യമിട്ട് മുപ്പതോളം അതിശക്തമായ ബോംബുകളാണ് അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്. സമുച്ചയം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖമനയി ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും ആക്രമണത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തുവെന്നും അതിന്റെ ചിത്രം ട്രംപിനും നെതന്യാഹുവിനും ഉദ്യോഗസ്ഥര്‍ കൈമാറിയെന്നും വിവരമുണ്ട്.
ഖമനയി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇറാന് ഔദ്യോഗികമായി തള്ളിക്കളയുന്നുണ്ടെങ്കിലും മേഖലയില്‍ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇറാന് സൈന്യം. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ദുബായ്, ബഹ്റൈന്‍ എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘ഈ സ്വേച്ഛാധിപതി ഇനി നമ്മോടൊപ്പമില്ലെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നത്,’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. 37 വര്‍ഷമായി ഇറാന്റെ അവസാന വാക്കായിരുന്ന ഖമനയിയുടെ തിരോധാനം ഇറാന് ഭരണകൂടത്തിന്റെ പതനത്തിന് വഴിവെക്കുമോ അതോ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർട്ടെമിസ് II: ചന്ദ്രന്റെ മറുപുറത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടു





