‘ദ കേരള സ്റ്റോറി 2’-ന് തിയേറ്ററുകളിൽ ആളില്ല, പ്രേക്ഷകരില്ലാത്തതിനാൽ പലയിടങ്ങളിലും ഷോകൾ റദ്ദാക്കി.

കൊച്ചി: വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. സംസ്ഥാനത്തൊട്ടാകെ കേവലം 38 തിയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. വിതരണക്കാരായ എപി ഇന്റർനാഷണൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിൽ ഒൻപതും, മധ്യകേരളത്തിൽ (എറണാകുളം, തൃശ്ശൂർ, പാലക്കാട്) 14-ഉം, മലബാറിൽ 15-ഉം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

പ്രധാന മൾട്ടിപ്ലെക്സ് ശൃംഖലകൾ കേന്ദ്രീകരിച്ചാണ് റിലീസ് നടന്നതെങ്കിലും പലയിടങ്ങളിലും പ്രേക്ഷകർ എത്താതിരുന്നതിനെത്തുടർന്ന് ഷോകൾ റദ്ദാക്കേണ്ടി വന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം മുതൽ തന്നെ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

കോഴിക്കോട്ട് വെള്ളിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന ഷോയും, എറണാകുളം മരടിലെ മൾട്ടിപ്ലെക്സിൽ ശനിയാഴ്ച രാവിലെ 10.10-ന് നിശ്ചയിച്ചിരുന്ന ഷോയും കാണികളില്ലാത്തതിനാൽ ഒഴിവാക്കി.ചില തിയേറ്ററുകൾക്ക് നേരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.പരിമിതമായ തിയേറ്ററുകളിൽ മാത്രം ഒതുങ്ങിയ വിതരണം ചിത്രത്തിന്റെ കളക്ഷനെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യ ഭാഗം സൃഷ്ടിച്ച വിവാദങ്ങൾ രണ്ടാം ഭാഗത്തിനും തുടക്കത്തിൽ ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ചിത്രം കാര്യമായ ചലനമുണ്ടാക്കിയില്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.