കേരളത്തിന്റെ പേര് മാറ്റം സിപിഎം-ബിജെപി രഹസ്യധാരണയുടെ ഭാഗം; കേന്ദ്രത്തിന് ബംഗാളിനോട് വിവേചനമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

കൊൽക്കത്ത: കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ സിപിഐഎം-ബിജെപി രഹസ്യ ധാരണയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഈ തീരുമാനത്തിലൂടെ ഇരു പാർട്ടികളും തമ്മിലുള്ള അവിശുദ്ധ സഖ്യം കൂടുതൽ വ്യക്തമാവുകയാണെന്നും അവർ കൊൽക്കത്തയിൽ പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കണമെന്ന ദീർഘകാല ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖം തിരിക്കുമ്പോൾ കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നത് വിവേചനമാണെന്നും മമത കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടുതവണ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടും കേന്ദ്രം അനുമതി നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഈ വിഷയം ഉന്നയിച്ചിട്ടുള്ളതാണ്. കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നയമാണെന്നും ബംഗാളിന്റെ സാംസ്‌കാരിക അടയാളങ്ങളെ അവർ അവഹേളിക്കുകയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേടാൻ മാത്രമാണ് ബിജെപി ‘ബംഗ്ലാ’ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വികാരങ്ങളെ അവർ മാനിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു.

ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ ബംഗാളിന്റെ പേര് മാറ്റം യാഥാർത്ഥ്യമാക്കുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന് നൽകുന്ന അനുമതി തങ്ങൾക്ക് നിഷേധിക്കുന്നത് രാഷ്ട്രീയമായ പകപോക്കലാണെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തുന്നത്. കേരളത്തിന്റെ പേര് മാറ്റത്തിലൂടെ ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്ന മമതയുടെ പ്രസ്താവന ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.