കൊച്ചി മെട്രോയിലെ ‘മഞ്ഞുമൽ ബോയ്’; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം മെട്രോ തൂണിന് മുകളിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഞായറാഴ്ച പുലർച്ചെ 1.20-ഓടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രി 12 മണിയോടെ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് അഗ്നിരക്ഷാ സേനയും മൃഗക്ഷേമ സംഘടനയായ എസ്പിസിഎയും ചേർന്ന് പൂച്ചയെ താഴെയിറക്കിയത്. നിലവിൽ തളർന്ന നിലയിലുള്ള പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെട്രോയുടെ 556-ാം നമ്പർ പില്ലറിന് മുകളിൽ ഒരാഴ്ച മുൻപാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ പൂച്ചയെ കണ്ടത്. ശനിയാഴ്ച പകൽ മുഴുവൻ മാൻ ലിഫ്റ്ററുകൾ ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലിഫ്റ്ററുകൾക്കുണ്ടായ തകരാറും പൂച്ച ഭയന്നോടിയതും ദൗത്യം നീളാൻ കാരണമായി. പില്ലറിന് മുകളിൽ ഭക്ഷണം പോലുമില്ലാതെ തളർന്നു കിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ ജനക്കൂട്ടവും മൃഗസ്നേഹികളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പൂച്ചയെ രക്ഷിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.

സിനിമയെ അനുസ്മരിപ്പിക്കും വിധം വടമിട്ട് പിടിച്ചുകയറ്റുന്ന രക്ഷാദൗത്യത്തിന്റെ തത്സമയ ദൃശ്യങ്ങൾ വൈറലായതോടെ നാട്ടുകാർ പൂച്ചയ്ക്ക് ‘മഞ്ഞുമൽ ബോയ്‌സ്’ ചിത്രത്തിലെ സുഭാഷിന്റെ പേരാണ് നൽകിയിരിക്കുന്നത്. പില്ലറിന് മുകളിൽ പ്രത്യേക കൂട് എത്തിച്ചായിരുന്നു രാത്രിയിലെ ദൗത്യം. ഏകദേശം പതിനഞ്ച് മണിക്കൂർ നീണ്ട ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ പൂച്ച സുരക്ഷിതമായി താഴെയെത്തിയപ്പോൾ ആശ്വാസത്തോടെയാണ് കൊച്ചി സാക്ഷ്യം വഹിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.