മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതി ആക്രമിച്ച സംഭവം: കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് സി.പി.ഐ (എം).

തിരുവനന്തപുരം: ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജിന്റെ വീട്‌ ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പടുത്തിയും പ്രതിപക്ഷം നടത്തുന്ന സമര ആഭാസങ്ങളെ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്.

മന്ത്രിയുടെ വീടിന്റെ ഗേറ്റ്‌ തകര്‍ത്ത്‌ വീട്ടില്‍ കയറി റീത്ത്‌ വച്ചു. പൊലീസ്‌ വാഹനം തകര്‍ത്തു, പൊലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു.

ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തില്‍ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ്‌ പത്ത്‌ വര്‍ഷമായി കേരളം കാണുന്നത്‌. അതില്‍ അസഹിഷ്‌ണുതപൂണ്ടവരാണ്‌ അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാന്‍ ശ്രമിക്കുന്നത്‌.

ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്‌ണുതപൂണ്ട നിലപാട്‌ സര്‍ക്കാരോ എല്‍.ഡി.എഫോ സ്വീകരിച്ചിട്ടില്ല. കടുത്ത സമരങ്ങളിലൂടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്നു വന്നവരാണ്‌ കമ്മ്യൂണിസ്റ്റുകാര്‍. യു.ഡി.എഫ്‌ ഭരണ കാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്‌.

ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ്‌ നായകളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍. അന്നൊക്കെ സി.പി.ഐ (എം) അതിരൂക്ഷമായ ജനകീയ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. എന്നാല്‍, ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ്‌ ആക്രമിക്കാനോ വീട്ടില്‍ റീത്ത്‌ വയ്‌ക്കാനോ തയ്യാറായിട്ടില്ല. അത്‌ ജനാധിപത്യ സമരമാര്‍ഗവുമല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.