വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി നിലനിൽക്കെ, അത് വെല്ലുവിളിച്ച് വീണ്ടും ലോകരാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം അധിക ചുങ്കം (താരിഫ്) പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന കോടതി ഉത്തരവിനെ ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ലെന്നും ഈ വിധി അമേരിക്കൻ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. തന്റെ നടപടിയെ അനുകൂലിക്കാത്ത കോടതി അംഗങ്ങൾ വിഡ്ഢികളാണെന്നും അവർ ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ കളിപ്പാവകളാണെന്നും ട്രംപ് തുറന്നടിച്ചു.
തന്റെ സാമ്പത്തിക നയത്തെ കോടതി തടഞ്ഞതിൽ അങ്ങേയറ്റം നിരാശ പ്രകടിപ്പിച്ച ട്രംപ്, വിദേശ താല്പര്യങ്ങൾ കോടതിയെ സ്വാധീനിക്കുന്നുണ്ടെന്നും ആരോപിച്ചു. അതേസമയം, വിധിയോട് വിയോജിച്ച് തനിക്ക് അനുകൂലമായ നിലപാടെടുത്ത ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം ഇത്തരം നികുതികൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6-3 എന്ന വോട്ട് നിലയിലാണ് സുപ്രീം കോടതി വിധിച്ചത്.
ട്രംപിന്റെ നികുതി വർദ്ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് മുൻപ് തന്നെ ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇന്ത്യക്ക് മേൽ പകരച്ചുങ്കം ഏർപ്പെടുത്തിയ നടപടിയും കോടതി വിധിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാൽ കോടതിയെ വെല്ലുവിളിച്ചുള്ള ട്രംപിന്റെ പുതിയ പ്രഖ്യാപനം വരും ദിവസങ്ങളിൽ വലിയ നിയമയുദ്ധങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും വഴിതുറക്കും.
ബുധനാഴ്ചയ്ക്കുള്ളില്‍ കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന് കടുത്ത അന്ത്യശാസനവുമായി ട്രംപ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തില്‍


യുഎസ് ‘ഗോൾഡ് കാർഡ് വിസ’: ആദ്യ കാർഡ് കൊമേഴ്സ് സെക്രട്ടറിക്ക് കൈമാറി; പദ്ധതിയിൽ വൻ കുതിപ്പ്





