വിഴിഞ്ഞം അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍ ; ഷാജിയുടേയും ഭാര്യാ മാതവിന്റേയും മരണത്തില്‍ അന്വേഷണം.

വിഴിഞ്ഞം :വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ‘സീ ഫുഡ്’ കഴിച്ച കുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടു.
. കൊല്ലം നിലമേൽ സ്വദേശികളായ ഷാജിയും (50) ഭാര്യാമാതാവ് റഷീദാ ബീവിയുമാണ് (68) മരണപ്പെട്ടത്‌.. ഭക്ഷ്യവിഷബാധയാണോ അതോ മീൻ കഴിച്ചതുമൂലമുണ്ടായ കടുത്ത അലർജിയാണോ  മരണകാരണമെന്ന കാര്യത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെത്തുടർന്ന് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന ശക്തമാക്കി.

വിഴിഞ്ഞത്തെ മൊഹയുദീൻ പള്ളിയുടെ സമീപത്തുള്ള ‘അസ്മാക്’ എന്ന ഭക്ഷണശാലയിൽ നിന്നാണ് ഷാജിയും കുടുംബവും ആഹാരം കഴിച്ചത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ എന്നിവയാണ് ഇവർ പ്രധാനമായും കഴിച്ചത്. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ തന്നെ ഇവർക്ക് കടുത്ത ഛർദിയും നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് റഷീദാ ബീവിയും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ഷാജിയും മരണപ്പെട്ടു. ഷാജിയുടെ ഭാര്യ സജിമോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുടുംബത്തിലെ മറ്റുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് അലർജി എന്ന സംശയത്തിന് ബലം നൽകുന്നത്.മീൻ വിഭവങ്ങൾ കഴിക്കുമ്പോൾ ചിലരിൽ ഉണ്ടാകുന്ന അതിതീവ്രമായ അലർജി പ്രതിപ്രവർത്തനം മരണത്തിന് കാരണമായേക്കാം.ഷാജിക്ക് മുൻപും അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എങ്കിലും, ഭക്ഷണം കഴിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചത് ഭക്ഷ്യവിഷബാധയാണെന്ന ആരോപണത്തിലേക്കും വിരൽ ചൂണ്ടുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പും വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടൽ താത്കാലികമായി അടപ്പിക്കുകയും ചെയ്തു. ഹോട്ടലിലെ ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ. മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു തെളിഞ്ഞാൽ തുടരന്വേഷണത്തിന് കേസ് വിഴിഞ്ഞം പോലീസിന് കൈമാറും.

മീൻ വിഭവങ്ങൾ വിൽക്കുന്ന നൂറോളം കടകളാണ് വിഴിഞ്ഞം മൊഹയുദീൻ പള്ളിയ്ക്ക് സമീപമുള്ളത്. ഇവയിൽ ഭൂരിപക്ഷവും വൈകിട്ട് തുറന്നു അർദ്ധരാത്രിവരെ പ്രവർത്തിക്കുന്നവയാണ്. തിരുവനന്തപുരത്തുള്ളവർ മാത്രമല്ല,സമീപ ജില്ലകളിൽ നിന്നുവരെ ധാരാളംപേർ ഇവിടെ മീൻ വിഭവങ്ങൾ കഴിക്കാൻ എത്താറുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.