ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം ഒറ്റുനോക്കിയിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണമാകുന്നു. ഇരുവരുടെയും വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെ വിവാഹവും മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് ഗംഭീരമായ വിവാഹ സൽക്കാരവും നടക്കും.
ആഡംബരങ്ങൾ ഒഴിവാക്കി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്ന് ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു. അതേസമയം, സിനിമാ രംഗത്തെ പ്രമുഖർക്കായി മാർച്ച് നാലിന് വൈകിട്ട് 7 മണി മുതൽ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ താജ് കൃഷ്ണയിൽ വെച്ച് റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്
“കുടുംബാംഗങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി രശ്മികയും ഞാനും 26.02.26-ന് വിവാഹിതരാവുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടായിരുന്നവർ ഒപ്പമുണ്ടാകുന്നത് സന്തോഷമാണ്…” എന്ന് തുടങ്ങുന്ന വികാരാധീനമായ സന്ദേശമാണ് കത്തിലുള്ളത്.
2018-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഗീത ഗോവിന്ദം’ എന്ന സിനിമയിലെ അഭിനയത്തിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. പിന്നീട് ‘ഡിയർ കൊമ്രേഡ്’ എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 3-ന് ദസറ ആഘോഷങ്ങൾക്ക് പിന്നാലെ ഹൈദരാബാദിൽ വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. നടനുമായി അടുത്ത വൃത്തങ്ങൾ ക്ഷണക്കത്തിലെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിജയും രശ്മികയും ഇതുവരെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഉദയ്പൂരിലെ കൊട്ടാരത്തിൽ വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ പ്രകാരം തികച്ചും ലളിതമായ ചടങ്ങുകൾക്കാണ് താരം മുൻഗണന നൽകിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.


‘ജനനായകന്’ വെള്ളിയാഴ്ച എത്തുമോ? വിജയ് ആരാധകര്‍ മുള്‍മുനയില്‍! വിധി റിലീസ് ദിനത്തില്‍
ചിരിമാഞ്ഞു, ഇനി ഓര്‍മ്മകളുടെ സ്ക്രീന്‍; ‘അച്ചാമാസ്’ റീലുകളിലൂടെ മലയാളിക്ക് പോസിറ്റീവ് എനര്‍ജി സമ്മാനിച്ച രത്നമ്മ വിടവാങ്ങി; വാര്‍ദ്ധക്യത്തിന്റെ വിരസതയെ ക്യാമറയ്ക്ക് മുന്നില്‍ തല്ലിക്കെടുത്തിയ അമ്മൂമ്മ; അപ്രതീക്ഷിത വിയോഗത്തില്‍ ഡിജിറ്റല്‍ ലോകം ഒന്നടങ്കം കണ്ണീരില്‍; ഇനി തുളസീധരന്‍ അപ്പൂപ്പന് ഒറ്റയ്ക്ക്





