പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമുഖ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തത് വിഷയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്രതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന പ്രധാന ആവശ്യം കാന്തപുരം ഉന്നയിച്ചു.നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളിൽ സുരക്ഷാ ഉപദേഷ്ടാവിന്റെ സാന്നിധ്യം, വിഷയത്തിൽ കേന്ദ്രം ഗൗരവകരമായ തുടർനീക്കങ്ങൾ ആലോചിക്കുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്

. യെമനിലെ ഗോത്രവർഗ്ഗ നിയമങ്ങളും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് നിമിഷപ്രിയയെ നാട്ടിലെത്തിക്കാൻ കേന്ദ്രം മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വികസനത്തെക്കുറിച്ചും, എസ്.ഐ.ആറുമായി (SIR) ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചും കാന്തപുരം പ്രധാനമന്ത്രിയുമായി സംസാരിച്ചു.കേരളം നേരിടുന്ന വിവിധ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര പരിധിയിലുള്ള വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും കാന്തപുരം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണെങ്കിലും ചർച്ചയിൽ രാഷ്ട്രീയം കടന്നുവന്നിട്ടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല.

മാനുഷിക പരിഗണന നൽകി നിമിഷപ്രിയയുടെ കേസിൽ ഇടപെടാമെന്ന മോദിയുടെ ഉറപ്പ് മലയാളികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്. അന്താരാഷ്ട്ര തലത്തിലുള്ള മുസ്ലിം പണ്ഡിതന്മാരുമായുള്ള ബന്ധം നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.