തൃശൂർ പൂരം കലക്കൽ: ജില്ലാ കളക്ടറുടെ ഇടപെടലിൽ ദുരൂഹതയെന്ന് വി.എസ്. സുനിൽ കുമാർ; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തള്ളി മുൻ മന്ത്രി

തൃശൂർ: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ കുറ്റപ്പെടുത്തുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് വി.എസ്. സുനിൽ കുമാർ. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം പ്രതിയാക്കേണ്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളക്ടറുടെ ഇടപെടലുകളിൽ അസ്വാഭാവികതയുണ്ടെന്നും ഇതിൽ വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സുനിൽ കുമാർ, ചില വ്യക്തികൾക്ക് പങ്കുണ്ടാകാമെങ്കിലും ദേവസ്വത്തെ മൊത്തമായി പഴിചാരുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. പൂരം കലങ്ങിയതിന്റെ രാഷ്ട്രീയ ഗുണം ആർക്കാണ് ലഭിച്ചതെന്ന് പരിശോധിച്ചാൽ ഇതിന് പിന്നിലെ ലക്ഷ്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 മന്ത്രിമാരോ എംഎൽഎമാരോ പൂരം നടക്കുന്നയിടത്തേക്ക് വരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കണം. പൂരം അലങ്കോലപ്പെടട്ടെ എന്ന ധാരണ കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ ഇടപെടലുണ്ട്. കൃത്യമായ പ്ലാനിംഗിലൂടെയാണ് ഇത് നടന്നത്. ദേവസ്വത്തെ പ്രതി ചേർക്കുന്നത് വിഷയത്തെ വഴിതിരിച്ചുവിടാനാണ്. ഈ വിഷയത്തിൽ മൂന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ ഇനിയും സാധിച്ചിട്ടില്ല.
 ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് തീരുമാനമെടുക്കും എന്നാണ് താൻ ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പൂരം കലക്കലിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് സുനിൽ കുമാറിന്റെ ഈ പുതിയ പ്രസ്താവന. കളക്ടർക്കെതിരായ ആരോപണം ഭരണമുന്നണിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിതുറക്കാൻ സാധ്യതയുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.