മുംബൈ: കേരളം കണ്ട കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ക്രൂരകൃത്യത്തിന് സമാനമായ രീതിയില്‍, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ യുവാവിനെ കാറിലിട്ട് ചുട്ടുകൊന്ന പ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഗണേഷ് ചവാനാണ് തന്റെ മരണവാര്‍ത്ത കെട്ടിച്ചമയ്ക്കാന്‍ നിരപരാധിയായ ഗോവിന്ദ് യാദവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
വീട് പണിയാനായി എടുത്ത വന്‍തുകയുടെ വായ്പ തിരിച്ചടയ്ക്കാനാണ് ഗണേഷ് ഈ ചതി ആസൂത്രണം ചെയ്തത്. തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഇയാള്‍ എടുത്തിരുന്നു. താന്‍ മരിച്ചതായി രേഖകളുണ്ടാക്കിയാല് കുടുംബത്തിന് ഈ തുക ലഭിക്കുമെന്നതായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. ഇതിനായി ഔസയില്‍ വെച്ച് ഗോവിന്ദ് യാദവ് എന്നയാള്‍ക്ക് ഗണേഷ് കാറില്‍ ലിഫ്റ്റ് നല്കി. യാത്രാമധ്യേ മദ്യം നല്കി ഗോവിന്ദിനെ അബോധാവസ്ഥയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറ്റിയിരുത്തി വാഹനം തീകൊളുത്തുകയായിരുന്നു.
പോലീസിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിക്കാനായി സ്വന്തം ബ്രേസ്ലെറ്റ് മൃതദേഹത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹം ഗണേഷിന്റേതാണെന്ന് കരുതി പോലീസ് ആദ്യം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍, ഗണേഷിന്റെ ഭാര്യ നടത്തിയ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അയാള്‍ അവരുമായി രഹസ്യമായി ചാറ്റ് ചെയ്യുന്നുണ്ടെന്നും ഭാര്യ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗണേഷ് സിന്ധുദുര്‍ഗില്‍ ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെ ദാരുണാന്ത്യം
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







