ഇന്ന് അര്‍ദ്ധരാത്രി 12 കഴിഞ്ഞാല്‍ വണ്ടി പുറത്തിറക്കണ്ട; പണി കിട്ടും… രാജ്യം മൊത്തം പണിമുടക്ക്; പക്ഷേ കേരളത്തില്‍ മാത്രം ‘അടച്ചുപൂട്ടല്‍’; സാധാരണക്കാരന്റെ നടുവൊടിക്കാന്‍ വീണ്ടുമൊരു കരിദിനം

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞാല്‍ മലയാളികള്‍ വീടിന് പുറത്തിറങ്ങാന്‍ നില്‍ക്കണ്ട, പണി പാളും! രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘ബന്ദായി’ മാറും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരിക്കുമ്പോഴാണ് ‘പ്രബുദ്ധ കേരളം’ മാത്രം നാളെ സ്തംഭിക്കാന്‍ പോകുന്നത്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വണ്ടി നിരത്തിലിറക്കരുത് എന്ന നേതാക്കളുടെ അഭ്യര്‍ത്ഥനയില്‍ ഒളിഞ്ഞിരിക്കുന്നത് പരോക്ഷമായ ഭീഷണിയാണോ എന്ന ആശങ്കയിലാണ് പൊതുജനം.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് സമരമെങ്കിലും അതിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ സാധാരണക്കാരാണ്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി തൊട്ട് ഓട്ടോറിക്ഷ വരെ ഓടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ചുരുക്കത്തില്‍, ലോകത്ത് എന്ത് നടന്നാലും കേരളം പണിമുടക്കുമെന്ന പഴയ ആചാരം ഇത്തവണയും തെറ്റിക്കില്ലെന്ന് ചുരുക്കം.
പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബി.എം.എസ് (ഭാരതീയ മസ്ദൂര്‍ സംഘം) സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തങ്ങള്‍ ജോലിക്കെത്തുമെന്നും സുരക്ഷ നല്‍കിയാല്‍ പ്രധാന തൊഴിലിടങ്ങളില്‍ പണിയെടുക്കുമെന്നും ബി.എം.എസ് പ്രഖ്യാപിച്ചതോടെ നാളെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാധ്യതയുണ്ട്. ജോലിക്ക് വരുന്നവരെ തടയുമെന്ന് സമരക്കാര്‍ പറയാതെ പറയുമ്പോള്‍, തടഞ്ഞാല്‍ നേരിടുമെന്ന നിലപാടിലാണ് ബി.എം.എസ്. ഇത് പോലീസിനും വലിയ തലവേദനയാകും.
തൊഴിലുറപ്പ് പദ്ധതിയും ഇന്‍ഷുറന്‍സ് നിക്ഷേപവുമൊക്കെയാണ് സമരത്തിന്റെ വിഷയങ്ങളെങ്കിലും, നാളെ ആശുപത്രിയില്‍ പോകേണ്ടവരും അത്യാവശ്യ യാത്രകള്‍ ഉള്ളവരുമാണ് പെരുവഴിയിലാകാന്‍ പോകുന്നത്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ സര്‍വീസുകളെ ഒഴിവാക്കിയെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ തടയാന്‍ സാധ്യതയുള്ളതിനാല്‍ ജനം റോഡിലിറങ്ങാന്‍ മടിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനെയും ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗതാഗതം നിലയ്ക്കുന്നത് ഇവരെയും സാരമായി ബാധിക്കും.
ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണി വരെ കേരളം ഒരു തടവറയായി മാറും. കേന്ദ്രത്തോട് പ്രതിഷേധിക്കാന്‍ സ്വന്തം നാട് അടച്ചുപൂട്ടുന്ന ഈ ‘കേരളാ മോഡല്‍’ എന്നാണ് അവസാനിക്കുക എന്നാണ് ജനം ചോദിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.