‘നിയമസഭാംഗം’ ബോര്‍ഡ് വിവാദം: വാച്ച് ആന്‍ഡ് വാര്‍ഡിന് സ്പീക്കറുടെ താക്കീത് കിട്ടും; എം.എല്‍.എമാരെ തിരിച്ചറിയാന്‍ പ്രത്യേക ക്ലാസ്; ഉദ്യോഗസ്ഥനെതിരെ തല്‍ക്കാലം കൂടുതല്‍ നടപടിയില്ല

തിരുവനന്തപുരം: നിയമസഭാ ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷന്‍ മാത്യു ടി. തോമസിന്റെ കാറിലെ ‘നിയമസഭാംഗം‘ എന്ന മലയാളം ബോര്‍ഡ് കണ്ട് വാച്ച് ആന്‍ഡ് വാര്‍ഡ് പാര്‍ക്കിങ് തടഞ്ഞ സംഭവം സ്പീക്കര്‍ പരിശോധിക്കും. മാത്യു ടി. തോമസ് പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്പീക്കറുടെ ഇടപെടല്‍. ഭരണഭാഷാ മാറ്റത്തിന് സഭ തന്നെ നേതൃത്വം നല്‍കുന്നതിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത് ഗൗരവത്തോടെയാണ് കാണുന്നത്.
ഭാഷാപരമായ അറിവില്ലായ്മയും എം.എല്‍.എമാരെ തിരിച്ചറിയുന്നതിലെ പിഴവുമാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമികമായി വിലയിരുത്തി. അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ തല്‍ക്കാലം അച്ചടക്ക നടപടി ഉണ്ടാകില്ല. എന്നാല്‍ സഭയിലെ മുഴുവന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍ക്കും കടുപ്പമേറിയ നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. 140 നിയമസഭാംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കാറിലെ ബോര്‍ഡുകള്‍ക്ക് പുറമെ ആള്‍ക്കാരെ തിരിച്ചറിഞ്ഞ് പെരുമാറാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
സ്വയം കാറോടിച്ചു വന്ന മാത്യു ടി. തോമസിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടയുകയും ‘MLA’ ബോര്‍ഡുള്ള വണ്ടികള്‍ മാത്രമേ ഇവിടെ പാര്‍ക്ക് ചെയ്യാവൂ എന്ന് ഉണര്‍ത്തുകയും ചെയ്തത് കൗതുകത്തിനപ്പുറം ഭരണഭാഷാ നയത്തിന്റെ പരാജയമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ‘നിയമസഭാംഗം’ എന്ന ബോര്‍ഡ് നിയമസഭയുടെ മുറ്റത്ത് പോലും തിരിച്ചറിയപ്പെടാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് എല്ലാ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ക്കും കടുത്ത നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചത്. ഭാവിയില്‍ ഇത്തരം ‘അക്ഷരത്തെറ്റുകള്‍’ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് സുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
വാഹനങ്ങളിലെ ബോര്‍ഡുകള്‍ നോക്കി എം.എല്‍.എമാരെ തിരിച്ചറിയുന്ന രീതിക്ക് പകരം പ്രത്യേതക ടാഗുകള്‍ വാഹനങ്ങളില്‍ പതിപ്പിക്കാന്‍ ആലോചനയുണ്ട്. ഇതോടെ ഗേറ്റിലെത്തുമ്പോള്‍ തന്നെ വാഹനം ആരുടേതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്‌ക്രീനില്‍ തെളിയും. പുതിയ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ എം.എല്‍.എമാരെയും മുഖപരിചയത്തിലൂടെ തിരിച്ചറിയാന്‍ സഭയിലെ പ്രത്യേക ഫോട്ടോ ഗാലറി വഴി പരിശീലനം നല്‍കും. മുതിര്‍ന്ന അംഗങ്ങളെപ്പോലും തിരിച്ചറിയാത്ത സാഹചര്യം ഒഴിവാക്കാനാണിത്.
എം.എല്‍.എമാരോടും സഭയിലെത്തുന്ന സന്ദര്‍ശകരോടും കൂടുതല്‍ വിനയത്തോടെയും വ്യക്തതയോടെയും പെരുമാറാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ഭരണഭാഷാ മാറ്റത്തിന്റെ ഭാഗമായി മലയാളത്തിലെ പദപ്രയോഗങ്ങള്‍ തിരിച്ചറിയാനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.