സതീശന് ‘റെഡ് സിഗ്‌നല്‍’, കോണ്‍ഗ്രസിന് ആശ്വാസം; പെരുന്നയില്‍ നിന്നുള്ള സന്ദേശം വ്യക്തം- മുഖ്യമന്ത്രി കസേരയിലേക്ക് സതീശന്‍ വേണ്ട! എന്‍ എസ് എസ് ‘സമദൂര നയം’ പറയുമ്പോള്‍

NSS against VD satheeshan

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി എന്‍എസ്എസിനുള്ളത് രാഷ്ട്രീയ തര്‍ക്കമല്ല, മറിച്ച് ‘വ്യക്തിപരമായ വിരോധം’ മാത്രമാണെന്ന് ജി. സുകുമാരന്‍ നായര്‍ പറയുമ്പോള്‍, വരികള്‍ക്കിടയില്‍ തെളിയുന്നത് കേരള രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന അധികാര സമവാക്യങ്ങളാണ്. നാളെ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി സതീശന്‍ എത്തുന്നത് തടയുമെന്ന വ്യക്തമായ സൂചനയും മുന്നറിയിപ്പും കൂടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നല്‍കുന്നത്.

അതേസമയം, സതീശനെ മാറ്റിനിര്‍ത്തിയാല്‍ എന്‍എസ്എസിന്റെ വാതിലുകള്‍ കോണ്‍ഗ്രസിന് മുന്നില്‍ തുറന്നുകിടക്കുകയാണെന്ന സന്ദേശം യുഡിഎഫ് ക്യാമ്പിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. സതീശനെതിരെയുള്ള നീക്കം വ്യക്തിപരമാണെന്നും അത് പാര്‍ട്ടിയോടില്ലെന്നും പെരുന്ന ആവര്‍ത്തിക്കുമ്പോള്‍, സതീശനെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന കാര്‍ക്കശ്യം തന്നെയാണ് വെളിവാകുന്നത്.

വി.ഡി സതീശനുമായി ഒത്തുതീര്‍പ്പിനില്ലെന്ന് സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും പ്രതിഫലിക്കും. സതീശനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി കാണേണ്ടതില്ലെന്ന പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്ന വലിയൊരാശ്വാസമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമായിരിക്കെ, പാര്‍ട്ടിയെ പിണക്കാതെയുള്ള ഈ നിലപാട് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സതീശനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയമായ വലിയ തിരിച്ചടിയാണ്. സമുദായ നേതൃത്വത്തിന്റെ ‘ഗുഡ് ബുക്കില്‍’ ഇടംപിടിക്കാതെ മുഖ്യമന്ത്രി പദത്തിലേക്ക് നടക്കുക സതീശന് എളുപ്പമാകില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ എന്‍എസ്എസ് എന്നും സ്വീകരിച്ചുപോരുന്ന ‘സമദൂര നിലപാടില്‍’ മാറ്റമില്ലെന്ന പ്രഖ്യാപനം പരോക്ഷമായി യുഡിഎഫിന് കരുത്തുപകരുന്നതാണ്. ഇടക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരുമായി എന്‍എസ്എസ് അടുത്തുനില്‍ക്കുന്നു എന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ പ്രഖ്യാപനം.

എസ്എന്‍ഡിപിയുമായുള്ള ഐക്യശ്രമങ്ങളില്‍നിന്ന് എന്‍എസ്എസ് പിന്‍വാങ്ങിയതും യുഡിഎഫിന് രാഷ്ട്രീയമായി നേട്ടമാണ്. എസ്എന്‍ഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞുള്ള എന്‍എസ്എസിന്റെ പിന്മാറ്റം മതേതര വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കും.

കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനകളില്‍ മറ്റുള്ളവരെപ്പോലെ ‘ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല’ എന്ന് പറഞ്ഞ് നിലവിളിക്കാന്‍ എന്‍എസ്എസിനെ കിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പമ്പാ സംരക്ഷണ പദ്ധതിയില്‍ അടക്കം പ്രത്യേക അവകാശവാദങ്ങള്‍ ഉന്നയിക്കാതെ, അവകാശങ്ങള്‍ നഷ്ടപ്പെട്ടാല്‍ കോടതിയെ സമീപിക്കുമെന്ന ഗൗരവതരമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുന്നത്.

വെള്ളാപ്പള്ളിക്ക് പത്മശ്രീ കിട്ടിയതില്‍ വിരോധമില്ലെങ്കിലും ആ വഴിയേ പോകാന്‍ എന്‍എസ്എസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.