ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് സൂചന. ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ ആസ്ഥാന ഓഫീസില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ റോയിയുടെ 9 പേജുള്ള കുറിപ്പ് അന്വേഷണ സംഘം പരിശോധിക്കുകയാണ്.
കടബാധ്യതകള്‍ ഇല്ലായിരുന്നിട്ടും രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള സമ്മര്‍ദ്ദമാണ് അദ്ദേഹത്തെ തളര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചില പ്രമുഖര്‍ നിക്ഷേപം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
റോയിയുടെ സ്വകാര്യ ചേമ്പറില്‍ നിന്ന് ലഭിച്ച ഒന്‍പതു പേജുള്ള കുറിപ്പില്‍ കുടുംബത്തോടുള്ള മാപ്പപേക്ഷയും ബിസിനസ് കാര്യങ്ങളിലെ കൃത്യമായ നിര്‍ദ്ദേശങ്ങളുമുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും ബിസിനസ് ഇനി ആര് നയിക്കണമെന്നതിനെക്കുറിച്ചും കുറിപ്പില്‍ വിശദീകരിക്കുന്നു. തന്റെ വിശ്വസ്തരായ ജീവനക്കാരെ പിരിച്ചുവിടരുതെന്ന വൈകാരികമായ അഭ്യര്‍ത്ഥനയും ഇതിലുണ്ട്. എന്നാല്‍ ഈ കുറിപ്പിനെ ആത്മഹത്യക്കുറിപ്പായി മാത്രം കാണാന്‍ പോലീസ് തയ്യാറായിട്ടില്ല. റോയിയുടെ കാബിന് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റോയി ചേമ്പറിലേക്ക് പോയതും വെടിയൊച്ച കേട്ടതും. സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ മരണത്തിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റോയിയുടെ ഭാര്യയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി സൂചനയുണ്ട്. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം അവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കും. നിക്ഷേപം നടത്തിയ രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പല ഇടപാടുകളുടെയും പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തതായിരുന്നു റോയിയെ കുഴപ്പത്തിലാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.


തിരുവനന്തപുരം നഗരസഭയിലെ കെട്ടിട വാടകയിൽ വൻ അഴിമതി; വിജിലൻസിന് പരാതി
കൗണ്ടര്‍ ഇന്സര്ജന്സിയില് വിദഗ്ദ്ധന്; ഇഡി കേസില്‍ കാട്ടിയ ആര്‍ജ്ജവം; ചൂരല്‍മല ദൗത്യത്തിന്റെ ഹീറോ ഇനി ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്; ഡി.സി.പി. തപോഷ് ബസുമതാരിക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്; പച്ചക്കൊടി കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല





