ശ്രീധരന്‍ അന്ന് പറഞ്ഞത് ഇന്ന് സത്യമാകുന്നു; വൈറ്റിലയിലെ ‘ഊരാക്കുടുക്കിന്’ ഉത്തരവാദി ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ; ഗണേഷ് കുമാറും അത് തിരിച്ചറിഞ്ഞു; ഇത് കാലം കരുതിവെച്ച കാവ്യനീതി !

തിരുവനന്തപുരം: കാലം കരുതിവെച്ച കാവ്യനീതിയാകാം ഇത്. 2018 ജനുവരിയില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പ്രവചിച്ച അതേ കാര്യം വീണ്ടും ചര്‍ച്ചകളില്‍. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2026 ഫെബ്രുവരിയില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തന്നെ വൈറ്റില മേല്‍പ്പാലത്തിന്റെ അശാസ്ത്രീയത പരസ്യമായി തുറന്നു സമ്മതിക്കുമ്പോള്‍, കേരളം ചര്‍ച്ച ചെയ്യേണ്ടത് ഒരു വികസന പദ്ധതിയുടെ പരാജയമല്ല, മറിച്ച് വിദഗ്ധരടുത്തെടുത്ത് കാണിച്ച ദീര്‍ഘവീക്ഷണത്തെ അവഗണിച്ചതിന്റെ പിഴയാണ്.

അന്നത്തെ പിണറായി സര്‍ക്കാര്‍ ഇ. ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്നുവെങ്കില്‍, കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ഈ പാലം ഇന്ന് തല്ലിപ്പൊളിക്കേണ്ട അവസ്ഥയില്‍ എത്തില്ലായിരുന്നു. വൈറ്റിലയിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലം ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്നും ദേശീയപാത അതോറിറ്റി നിര്‍മ്മിക്കേണ്ട പാലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ശരിയായില്ലെന്നും എട്ടു വര്‍ഷം മുന്‍പ് ശ്രീധരന്‍ ആഞ്ഞടിച്ചിരുന്നു. ഭാവിയിലെ ഗതാഗത വര്‍ദ്ധനവ് കൂടി കണക്കിലെടുത്തുള്ള അദ്ദേഹത്തിന്റെ പ്ലാനുകള്‍ അന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു.

‘ശ്രീധരന്‍ പറയാന്‍ ആരാണ്?’ എന്ന അന്നത്തെ പ്രധാനികളുടെ പരിഹാസത്തിന് ഇന്ന് വൈറ്റിലയിലെ വാഹനക്കുരുക്ക് മൂകസാക്ഷിയാകുന്നു. പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതിലെ പിഴവ് മൂലം അടിയിലൂടെ വാഹനം തിരിക്കാന്‍ പോലും കഴിയില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ ഇന്നത്തെ വെളിപ്പെടുത്തല്‍, ഗൂഗിള്‍ മാപ്പ് നോക്കി റോഡ് ഡിസൈന്‍ ചെയ്യുന്ന അശാസ്ത്രീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അശാസ്ത്രീയ നിര്‍മാണം തിരുത്താന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായി ഗണേഷ് കുമാര്‍ വ്യക്തമാക്കി. അശാസ്ത്രീയമായ റോഡ് നിര്‍മാണം അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകള്‍ വര്‍ധിച്ച് വരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകള്‍ ഉണ്ടാകുന്നു-ഇതാണ് ഗതാഗത മന്ത്രി പറയുന്നത്. സിവില്‍ എഞ്ചിനീയറിംഗില്‍ റോഡ് ഡിസൈനിംഗ് കൂടി ഉള്‍പ്പെടുത്തണമെന്നും റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ലെന്നും ഗതാഗത മന്ത്രി തിരിച്ചറിയുന്നു. ഇതിന് വേണ്ടി മാറ്റം കൊണ്ടു വരാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറയുന്നു.

കെ-റെയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ ശ്രീധരന്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നിര്‍ദ്ദേശങ്ങളെ ഇപ്പോഴും രാഷ്ട്രീയ കണ്ണടയിലൂടെ കാണാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയിലെ അപാകതകള്‍ ശ്രീധരന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വൈറ്റിലയിലെ ഈ ദുരവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സിവില്‍ എന്‍ജിനീയറിംഗില്‍ റോഡ് ഡിസൈനിംഗ് പഠിപ്പിക്കാത്തതും അശാസ്ത്രീയമായ പ്ലാനിംഗും മൂലം പുതിയ റോഡുകളില്‍ പോലും ബ്ലാക്ക് സ്‌പോട്ടുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്.

വൈറ്റിലയില്‍ ശാശ്വത പരിഹാരത്തിനായി വീണ്ടും ഒരു മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായി ഇ. ശ്രീധരനെപ്പോലുള്ളവരുടെ പ്രായോഗിക ബുദ്ധിയെയും ദീര്‍ഘവീക്ഷണത്തെയും ഇനിയെങ്കിലും കേരളം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചര്‍ച്ചയാക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.