ലോക്‌സഭയില്‍ രാഹുല്‍-അമിത് ഷാ പോര്! ജനറല്‍ നരവനെയുടെ പുസ്തകം പരാമര്‍ശിച്ച് ചൈനീസ് വിഷയത്തില്‍ ഭരണപക്ഷത്തെ വിറപ്പിച്ച് രാഹുല്‍ ഗാന്ധി; സഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍!

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിന് എന്ന ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

ദോക് ലാമിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ജനറല്‍ നരവനെയുടെ പുസ്തകത്തില്‍ ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഉള്ളടക്കം പുറത്തുവരുന്നത് തടയാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന ചൈനീസ് വിഷയത്തെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

രാഹുലിന്റെ നീക്കത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ശക്തമായി എതിര്‍ത്തു.പ്രകാശനം പോലും ചെയ്യാത്ത ഒരു പുസ്തകത്തിലെ ഭാഗങ്ങള്‍ എങ്ങനെ സഭയില്‍ ഉന്നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. പുസ്തകം പുറത്തിറങ്ങിയോ എന്ന് തനിക്കറിയില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.സഭ അലങ്കോലപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കരുതെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

പ്രകാശനം ചെയ്ത പുസ്തകമാണെങ്കില്‍ പോലും അതിലെ ഭാഗങ്ങള്‍ സഭയില്‍ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്തം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും എസ്.പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. മാധ്യമങ്ങളിലോ പുസ്തകങ്ങളിലോ വന്ന കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവിന് അവകാശമുണ്ടെന്ന് വേണുഗോപാല്‍ വാദിച്ചു. ചൈനീസ് വിഷയം ഗൗരവമുള്ളതാണെന്ന് അഖിലേഷ് യാദവും വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.