ആഴിമലയിലെ വിസ്മയശില്പി; ദേവദത്തന്‍ ഇനി പുതിയ ദൗത്യത്തിലേക്ക്; ഒറ്റച്ചിലമ്പേന്തി കോപാകുലയായ കണ്ണകി; ലോകത്തിലെ ഏറ്റവും വലിയ ശില്പം ആറ്റുകാലില്‍

തിരുവനന്തപുരം: സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയുടെ ലോകത്തിലെ ഏറ്റവും വലിയ ശില്പം ആറ്റുകാല്‍ ഭഗവതി ക്ഷേത്രസന്നിധിയില്‍ ഉയരുന്നു. ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നില്‍ക്കുന്ന രൂപത്തിലാണ് 60 അടി ഉയരമുള്ള ഈ ബൃഹദ് ശില്പം നിര്‍മ്മിക്കുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശില്പം നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്പി പി.എസ്. ദേവദത്തന്‍ തന്നെയാണ് ആറ്റുകാലിലെ ശില്പവും ഒരുക്കുന്നത്.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ശില്പം നിര്‍മ്മിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്ന ശില്പത്തിനായുള്ള മണ്ണുപരിശോധന ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ലോഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചാലുടന്‍ നിര്‍മ്മാണത്തിലേക്ക് കടക്കും. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ശേഷം നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം. 225 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുനല്‍കുകയാണ് ലക്ഷ്യം.

ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ ഭഗവതിയുടെ ഐതിഹ്യം. പൊങ്കാല മഹോത്സവം ആരംഭിക്കുന്നത് തന്നെ തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതം പാടിത്തുടങ്ങുന്നതോടെയാണ്. കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിത്തീരുമ്പോഴാണ് ഭക്തര്‍ പൊങ്കാല അടുപ്പുകളില്‍ തീ പകരുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള കണ്ണകി ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന് മുന്നില്‍ വിസ്മയ ശില്പം ഒരുങ്ങുന്നത്.

ആഴിമലയിലെ ശിവശില്പം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ എത്തുന്നതുപോലെ, ആറ്റുകാലിലെ ഈ കണ്ണകി ശില്പവും ഭാവിയില്‍ വലിയൊരു തീര്‍ത്ഥാടന-സഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴിമലയിലെ വിസ്മയശില്പി; ദേവദത്തന്‍

വന്യമായ ജടയഴിച്ച്, അതില്‍നിന്ന് ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാന്‍. മുടിയിഴകളും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശില്പ ചാതുരി. ആഴിമലയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന 58 അടി ഉയരമുള്ള ആ ഗംഗാധരേശ്വര ശില്പം ഇന്ന് കേരളത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ഈ മഹാശില്പത്തിന് പിന്നില്‍ പാറപോലെ ഉറച്ച നിശ്ചയദാര്‍ഢ്യമുള്ള ഒരു കലാകാരനുണ്ട്, ആഴിമല സ്വദേശിയായ പി.എസ്. ദേവദത്തന്‍.

23-ാം വയസ്സിലാണ് ദേവദത്തന്‍ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ശില്പകലയില്‍ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നിട്ടും അതിന്റെ വലിപ്പമോ സങ്കീര്‍ണ്ണതയോ ആ ചെറുപ്പക്കാരനെ തളര്‍ത്തിയില്ല. ആഴിമല ക്ഷേത്ര മേല്‍ശാന്തി ജ്യോതിഷ് പോറ്റിയുടെ ആഗ്രഹത്തിന് ഭരണസമിതി ഒപ്പം നിന്നതോടെ 2014 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിച്ചു. ആറു വര്‍ഷം നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് ആ വിസ്മയം യാഥാര്‍ത്ഥ്യമായത്. പ്ലസ് ടു കഴിഞ്ഞ് വൈകിയാണ് തന്നിലെ ചിത്രകാരനെ ദേവദത്തന്‍ തിരിച്ചറിയുന്നത്. ശില്പനിര്‍മ്മാണത്തിനിടെ ഫൈന്‍ ആര്‍ട്സിന് ചേര്‍ന്നത് കലയോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ അദ്ദേഹത്തെ സഹായിച്ചു.

‘ആഴിമലയിലെ കാറ്റും തിരമാലകളും ഒന്നിക്കുന്ന രീതിയിലാണ് ഈ ശില്പം ഡിസൈന്‍ ചെയ്തത്. ഇതേ ശില്പം മറ്റൊരു സ്ഥലത്ത് വെച്ചാല്‍ ഇത്രയും ഭംഗി ഉണ്ടാകില്ല. ഇവിടുത്തെ പ്രകൃതിയാണ് എന്റെ കാന്‍വാസ്’ദേവദത്തന്‍ പറയുന്നു. ത്രീഡി മോഡലിംഗും ആധുനിക സാങ്കേതികവിദ്യയും ശില്പനിര്‍മ്മാണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി. കടല്‍ത്തീരത്തെ വന്യമായ കാറ്റും അപകടസാധ്യതകളും ആറു വര്‍ഷം അദ്ദേഹത്തിന് മുന്നില്‍ പ്രതിസന്ധികളായെത്തി. ചാരം കെട്ടി നിന്ന് പണിയെടുത്ത ആ കാലം ക്ഷമയുടെയും പഠനത്തിന്റെയും പാഠങ്ങളായിരുന്നു.

സാധാരണ ശില്പങ്ങളില്‍ കാണുന്നതുപോലെ മുഖം നേര്‍രേഖയിലല്ല ഗംഗാധരേശ്വരനുള്ളത്. മുഖം അല്പം ചെരിഞ്ഞാണ്. ‘ഭഗവാന്‍ ഇവിടെ ഒരു പ്രവര്‍ത്തി ചെയ്യുകയാണ്, അദ്ദേഹത്തിന്റെ നോട്ടം പ്രകൃതിയിലേക്കാണ്’ദേവദത്തന്‍ തന്റെ ശില്പത്തിന് പിന്നിലെ ദര്‍ശനം വ്യക്തമാക്കുന്നു. ശില്പത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കാള്‍, കല ആസ്വദിക്കാന്‍ എല്ലാ മതസ്ഥരും ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നതിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്.

ഇപ്പോള്‍ ആറ്റുകാലില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം നിര്‍മ്മിക്കാനുള്ള നിയോഗവും അദ്ദേഹത്തെ തേടിയെത്തിയത്. ‘ജീവിതം പോകുന്ന വഴിയില്‍ നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുക’ഇതാണ് ഈ യുവകലാകാരന്റെ ലളിതമായ ജീവിതദര്‍ശനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.