കൊറിയന്‍ സംഗീതഭ്രമം ഒടുവില്‍ ജീവനൊടുക്കിയോ? ചോറ്റാനിക്കരയിലെ പ്ലസ് വണ്‍കാരിയുടെ മരണത്തില്‍ ദുരൂഹത; സൈബര്‍ കെണിയെന്ന് സംശയം; ആ കൊറിയന്‍ പാട്ടുകാരനെ തേടി പ്രത്യേക അന്വേഷണ സംഘം എത്തും

കൊച്ചി: അടുത്ത കാലത്തായി കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ കൊറിയന്‍ സംഗീതത്തോടും സിനിമകളോടും വല്ലാത്തൊരു ആഭിമുഖ്യം വളര്‍ന്നുവരുന്നുണ്ട്. മണിക്കൂറുകളോളം മൊബൈലില്‍ കൊറിയന്‍ വീഡിയോകള്‍ കണ്ട് സമയം കളയുന്ന കുട്ടികള്‍, സങ്കല്‍പ്പ ലോകത്തെ പ്രണയങ്ങളിലേക്കും വീണുപോകുന്നു. തിരുവാണിയൂര്‍ കക്കാട് കരയില്‍ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യയും (16) ഇത്തരത്തില്‍ കൊറിയന്‍ സംഗീതത്തിന്റെ കടുത്ത ആരാധകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം വരും.

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥിനിയായ ആദിത്യയെയാണ് വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ സ്‌കൂള്‍ ബാഗില്‍ നിന്നും കണ്ടെടുത്ത നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പോലീസിനെ ഞെട്ടിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തന്റെ കൊറിയന്‍ സുഹൃത്തായ സംഗീതജ്ഞന്‍ ഈ മാസം 19-ന് അപകടത്തില്‍ മരിച്ചെന്നും ആ വിഷമം സഹിക്കാനാവാതെ ജീവനൊടുക്കുന്നു എന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സുഹൃത്ത് യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ആരെങ്കിലും വ്യാജ ഐഡി വഴി പെണ്‍കുട്ടിയെ കബളിപ്പിച്ചതാണോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

കൊറിയയില്‍ നിന്നെന്ന വ്യാജേന ആദിത്യയ്ക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വാച്ചും ഉള്‍പ്പെടുന്നു. കൊറിയയില്‍ നിന്ന് നേരിട്ട് ഒരു വിദ്യാര്‍ഥിനിക്ക് സമ്മാനങ്ങള്‍ ലഭിക്കുക പ്രായോഗികമല്ലെന്നിരിക്കെ, പെണ്‍കുട്ടിയെ അടുത്തറിയാവുന്ന ആരെങ്കിലും വ്യാജ അക്കൗണ്ട് വഴി കബളിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാരും പോലീസും. പ്രിയപ്പെട്ട താരം മരിച്ചെന്ന വ്യാജവാര്‍ത്ത ആരെങ്കിലും ആദിത്യയെ വിശ്വസിപ്പിച്ചതാകാനും സാധ്യതയുണ്ട്.

ഫോണ്‍ പരിശോധന നിര്‍ണായകം ആദിത്യയുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ ലോക്ക് ചെയ്ത നിലയിലാണ്. ഇത് സൈബല്‍ സെല്ലിന്റെ സഹായത്തോടെ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ആരുമായാണ് പെണ്‍കുട്ടി ആശയവിനിമയം നടത്തിയിരുന്നതെന്ന് വ്യക്തമാകൂ. ഇന്‍സ്റ്റഗ്രാം ചാറ്റുകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്‌കൂള്‍ യൂണിഫോം ധരിച്ച്, ബാഗും ലഞ്ച് ബോക്സും കരയില്‍ വെച്ച ശേഷമാണ് പെണ്‍കുട്ടി പാറമടയിലേക്ക് ചാടിയത്. കിണര്‍ തൊഴിലാളിയായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ.

കേരളത്തിലെ കൗമാരക്കാര്‍ക്കിടയില്‍ പടരുന്ന കൊറിയന്‍ സ്വാധീനം പലപ്പോഴും ഇത്തരം അപകടകരമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.