തിരുവനന്തപുരം: കേരളാ പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍ എത്തിയതോടെ കാക്കിയിലെ കളികള്‍ക്ക് അറുതിയാവുന്നു. ഉന്നതനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല, തെറ്റു ചെയ്താല്‍ തൊപ്പി തെറിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് കിളിമാനൂര്‍ സംഭവത്തിലെ മിന്നല്‍ നടപടി.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പഴയ പതിവ് ഇനി നടപ്പില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ സേനയില്‍ ശുദ്ധികലശം തുടങ്ങിയെന്നും തെളിയിക്കുന്നതാണ് കിളിമാനൂര്‍ എസ്.എച്ച്.ഒ ഡി. ജയന്‍, എസ്.ഐമാരായ അരുണ്‍, ഷജീം എന്നിവരുടെ സസ്പെന്‍ഷന്‍. നിരപരാധികളായ ഒരു ദമ്പതികളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞപ്പോള്‍, പ്രതിയെ പിടികൂടുന്നതിന് പകരം സ്റ്റേഷനിലെത്തിച്ചവനെ വിട്ടയച്ച ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനാണ് ഇതോടെ പൂട്ടു വീണത്.
നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ച പ്രതി വിഷ്ണുവിനെ, ‘നാളെ വന്നാല്‍ മതി’ എന്ന് പറഞ്ഞ് വിട്ടയച്ച പോലീസ് നടപടി മനുഷ്യത്വഹീനമായിരുന്നു. ഈ വീഴ്ചയിലൂടെ പ്രതിക്ക് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവനന്തപുരം റേഞ്ച് ഐ.ജി നടപടിയെടുത്തത് റവാഡ ചന്ദ്രശേഖറിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും മടിച്ച പോലീസുകാര്‍, നീതി ചോദിച്ചെത്തിയ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കിയെങ്കിലും ഇത്തവണ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണ് തുറന്നതോടെ ആ തന്ത്രം പാളി. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ നടപടിയുണ്ടായി എന്നത് സേനയിലെ മാറ്റത്തിന്റെ ശംഖൊലിയാണ്.
അതേസമയം, പോലീസിന്റെ ഒളിച്ചുകളിക്കിടയിലും പ്രതി വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ആദര്‍ശിനെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സിം കാര്‍ഡ് എടുത്ത് നല്‍കിയും ഒളിവില്‍ പോകാന്‍ സഹായിച്ചും കൂട്ടുനിന്ന ആദര്‍ശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നാടിനെ നടുക്കിയ അപകടമുണ്ടാക്കിയ മുഖ്യപ്രതി വിഷ്ണു ഇപ്പോഴും കാണാമറയത്താണ്. ഇയാളെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നാം തീയതി അമിതവേഗത്തിലെത്തിയ ഥാര്‍ ജീപ്പിടിച്ച് രജിത്തും അംബികയും കൊല്ലപ്പെട്ട സംഭവത്തില്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതിരുന്നതും പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. എന്നാല്‍ ജനവികാരം മാനിച്ച്, തെറ്റുകാരായ ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഈ സസ്പെന്‍ഷനിലൂടെ പോലീസ് തലപ്പത്ത് നിന്നും നല്‍കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെതിരെ നീങ്ങാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി; അന്വേഷണം എഡിജിപി നേരിട്ട് ഏറ്റെടുക്കുന്നു





