ശബരിമല കള്ളപ്പണ ഇടപാട്: വമ്പന്‍ സ്രാവുകള്‍ കുടുങ്ങും; സ്‌പോണ്‍സര്‍മാരും ഉന്നത ഉദ്യോഗസ്ഥരും ഇ.ഡി നിരീക്ഷണത്തില്‍

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയ്ക്കും വികസന പദ്ധതികള്‍ക്കും പിന്നിലെ കള്ളപ്പണ ഇടപാടുകളില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും വമ്പന്‍ സ്‌പോണ്‍സര്‍മാരിലേക്കും അന്വേഷണം നീളുന്നു. വരും ദിവസങ്ങളില്‍ ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കുന്ന സൂചന. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തോ എന്നതാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ ഉറവിടം വ്യക്തമല്ലെങ്കില്‍ അവരെ ഉടന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പ് രേഖകളും കരാറുകളും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നും ഇ.ഡി പിടിച്ചെടുത്തു കഴിഞ്ഞു. സ്‌പോണ്‍സര്‍മാരും ബോര്‍ഡിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വഴി നടന്ന പണമിടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പരിധിയില്‍ വരുമെന്ന് ഉറപ്പായതോടെയാണ് കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്.
‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ’ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡ് ഈ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് ഇടപാടുകള്‍, ആസ്തി വിവരങ്ങള്‍, വിദേശയാത്രകള്‍ തുടങ്ങിയ നിര്‍ണ്ണായക രേഖകള്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. മുരാരി ബാബുവിന് പുറമെ പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു, മുന്‍ ബോര്‍ഡ് അംഗം എന്‍. വാസു എന്നിവരുടെ വസതികളിലും ചെന്നൈ കേന്ദ്രമായ ‘സ്മാര്‍ട്ട് ക്രിയേഷന്‍’ എന്ന സ്ഥാപനത്തിലും പരിശോധനകള്‍ പൂര്‍ത്തിയായി.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് സ്‌പോണ്‍സര്‍മാരുടെ പങ്കാളിത്തം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കി. സ്വര്‍ണ്ണക്കവര്‍ച്ചയിലൂടെയും അഴിമതിയിലൂടെയും സമ്പാദിച്ച സ്വത്തുക്കള്‍ വരും ദിവസങ്ങളില്‍ കണ്ടുകെട്ടും.
തന്ത്രി കണ്ഠര് രാജീവരെ നിലവില്‍ അന്വേഷണ പരിധിയില്‍ നിന്ന് ഇഡി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള വമ്പന്‍ സ്രാവുകള്‍ ഉടന്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.