കെഎഫ്‌സി വായ്പാതട്ടിപ്പ് കേസില്‍ പി.വി.അന്‍വറിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി

കൊച്ചി : നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.

മതിയായ ഈടില്ലാതെയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഒരേ ഭൂമിയില്‍ രണ്ട് തവണ വായ്പ എടുത്ത് കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അന്‍വറിനെതിരെയുളള പ്രധാന പരാതി.

ആലുവയിലെ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചതിനേക്കാള്‍ വലിയ തോതിലുള്ള സ്വത്ത് വര്‍ധനവ് ഉണ്ടായതായും ഇഡി സംശയിക്കുന്നു.

കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് നേരത്തെ പി.വി. അന്‍വറിനും കെഎഫ്‌സി ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാന്‍ ഇഡി രംഗത്തെത്തിയത്. കഴിഞ്ഞ മാസം അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അന്‍വര്‍, ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.