എന്റെ ഭാര്യ വൃക്ക നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് ഞാന്‍ വിലക്കി. പക്ഷേ അവള്‍ ഉറച്ചുനിന്നു; സിനിമയെയും മകളെയും പ്രാണനായി സ്‌നേഹിച്ച കണ്ണന്‍ പട്ടാമ്പി; വിടവാങ്ങുന്നത് കരളലിയിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി; മോഹന്‍ലാലിനും തീരാ ദുഖം

കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി (53) വിടവാങ്ങുമ്പോള്‍ എങ്ങും വേദനമാത്രമാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മേജര്‍ രവിയുടെ സഹോദരന്‍ എന്നതിലുപരി സ്വന്തം വ്യക്തിത്വം കൊണ്ട് സിനിമാ മേഖലയില്‍ സുഹൃദ്ബന്ധങ്ങള്‍ കെട്ടിപ്പടുത്ത വ്യക്തിയായിരുന്നു അദ്ദേഹം.

കണ്ണന്‍ പട്ടാമ്പിയുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. വൃക്കരോഗം മൂര്‍ച്ഛിച്ച സമയത്ത് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ലാലേട്ടന്റെ സുഹൃത്തായ ഡോക്ടര്‍ അസാനായിരുന്നു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഒരിക്കല്‍ മരണത്തിന്റെ വക്കോളം എത്തിയ അനുഭവത്തെക്കുറിച്ച് കണ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ’17 ദിവസം വെന്റിലേറ്ററിലായിരുന്നു. കാലിലൊക്കെ നീര് വന്ന് നടക്കാന്‍ വയ്യാത്ത അവസ്ഥ. ഒടുവില്‍ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്റെ ഭാര്യ വൃക്ക നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് ഞാന്‍ വിലക്കി. പക്ഷേ അവള്‍ ഉറച്ചുനിന്നു. ഏപ്രിലിലായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍.’ അന്ന് ആ ആശുപത്രി തനിക്ക് തന്നത് ഒരു പുതുജീവിതമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

മോഹന്‍ലാലിന്റെ കുടുംബവുമായി കണ്ണന്‍ പട്ടാമ്പിക്ക് അഗാധമായ ബന്ധമാണുണ്ടായിരുന്നത്. ‘പുനര്‍ജനി’ എന്ന സിനിമയുടെ സമയത്ത് പ്രണവ് മോഹന്‍ലാലിനെ ലൊക്കേഷനില്‍ എത്തിച്ചിരുന്നതും പരിപാലിച്ചിരുന്നതും കണ്ണനായിരുന്നു. ആ ബന്ധം ഇന്നും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സത്യഭാമയെ ലാലേട്ടന്‍ വിളിച്ചിരുന്നത് ‘മുരുകന്‍’ എന്നായിരുന്നു. ലൊക്കേഷനില്‍ ആയിരിക്കുമ്പോള്‍ മകളെ കാണാനായി ഓടിയെത്തുന്ന അച്ഛനായിരുന്നു അദ്ദേഹം. സിനിമ കഴിഞ്ഞാല്‍ നിങ്ങളുടെ ഹോബി എന്താണെന്ന് ചോദിച്ചപ്പോള്‍ ‘എന്റെ മോളാണ്’ എന്നായിരുന്നു ആ അച്ഛന്റെ സ്നേഹം നിറഞ്ഞ മറുപടി.

‘അസുരവംശം’ എന്ന ചിത്രത്തിലൂടെയാണ് കണ്ണന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പ്രൊഡക്ഷന്‍ ജോലികളിലെ ടെന്‍ഷനേക്കാള്‍ തനിക്ക് ഇഷ്ടം അഭിനയമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘ആളുകള്‍ നമ്മളെ തിരിച്ചറിയുമല്ലോ, വലിയ ശത്രുക്കളെ ഉണ്ടാക്കാത്ത ജോലിയാണത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കാസര്‍കോടുകാരിയായ രമ്യയാണ് ഭാര്യ. കണ്ണന്‍ പട്ടാമ്പിയുടെ അപ്രതീക്ഷിത വിയോഗം മേജര്‍ രവിക്കും കുടുംബത്തിനും മാത്രമല്ല, മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്. തനിക്ക് പുതുജീവിതം നല്‍കിയവരോടും പ്രിയപ്പെട്ടവരോടും യാത്ര പറഞ്ഞു അദ്ദേഹം മടങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് ഒരു നല്ല മനുഷ്യനെ കൂടിയാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.