ന്യൂഡല്‍ഹി : ഐപിഎല്‍ സംപ്രേഷണത്തിന് ബംഗ്ലാദേശ് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെയോ ഐപിഎല്ലിന്റെ സാമ്പത്തിക ഭദ്രതയെയോ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധര്‍. ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ ടൂര്‍ണമെന്റില്‍ കളിപ്പിക്കേണ്ടെന്ന ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്.
ഐപിഎല്ലിന്റെ പ്രധാന വരുമാന സ്രോതസ്സ് ഇന്ത്യയിലെ ആഭ്യന്തര വിപണിയും ഡിജിറ്റല്‍ അവകാശങ്ങളുമാണ്. ഡി&പി അഡൈ്വസറി സര്‍വീസസിലെ മാനേജിങ് പാര്‍ട്ണര്‍ സന്തോഷ് എന്‍ വ്യക്തമാക്കുന്നത് പ്രകാരം, ബംഗ്ലാദേശിലെ നിരോധനം ബിസിസിഐയുടെ മൊത്തം വരുമാനത്തെയോ ബ്രോഡ്കാസ്റ്റര്‍മാര്‍ നല്കുന്ന തുകയെയോ ബാധിക്കില്ല.
കഴിഞ്ഞ സീസണുകളില്‍ ഒന്നോ രണ്ടോ ബംഗ്ലാദേശ് താരങ്ങള്‍ മാത്രമാണ് ഐപിഎല്ലില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ നിന്നുള്ള വ്യൂവര്‍ഷിപ്പ് ഐപിഎല്ലിന്റെ മൊത്തം നിലനില്‍പ്പിന് അനിവാര്യമല്ലെന്ന് ടിആര്‍എ റിസര്‍ച്ച് സിഇഒ എന്‍ ചന്ദ്രമൗലി അഭിപ്രായപ്പെട്ടു.നിലവിലുള്ള സ്പോണ്‍സര്‍മാര്‍ പരസ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചെറിയ വരുമാന നഷ്ടം പോലും നികത്താനാകും.
വാക്കുപാലിച്ച് ഹാർദിക് പാണ്ഡ്യ; വാംഖഡെയിലെ ഗ്രൗണ്ട് ജീവനക്കാർക്ക് 1.10 കോടി രൂപയുടെ സമ്മാനം
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് അവിടുത്തെ താരങ്ങളെ ഉള്‍പ്പെടുത്തേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ടീമിലെ മുസ്താഫിസുര്‍ റഹ്മാനുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു.ബിസിസിഐയുടെ ഈ നടപടിയോടുള്ള വൈകാരികമായ പ്രതികരണമായാണ് ബംഗ്ലാദേശ് വാര്‍ത്താവിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യ അംഗീകരിച്ചിട്ടില്ല.


അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടം. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് വിജയ തുടക്കം, ആര്‍സിബിയെ വിജയതീരത്തെത്തിച്ച് നാദീന്‍ ഡി ക്ലെര്‍ക്കിന്റെ മിന്നും പ്രകടനം





