2026 ഫിഫ ലോകകപ്പിന് വർണ്ണാഭമായ തുടക്കം; ഉദ്ഘാടന വേദി കീഴടക്കി പോപ്പ് ഗായിക ഷക്കീറ

മെക്സിക്കോ സിറ്റി: കായിക ലോകം ഒന്നടങ്കം കാത്തിരുന്ന 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കമായി. വ്യാഴാഴ്ച നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ കൊളംബിയൻ പോപ്പ് ഗായിക ഷക്കീറ മുഖ്യ ആകർഷണമായി മാറി. ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഷക്കീറയുടെ നാലാമത്തെ സാന്നിധ്യമായിരുന്നു ഇത്. പ്രമുഖ കലാകാരന്മാരായ ബേർണ ബോയ്, ജെ ബാൽവിൻ, ബെലിൻഡ എന്നിവരടങ്ങിയ വൻ താരനിരയാണ് ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാൻ വേദിയിലെത്തിയത്. മെക്സിക്കോയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

ചടങ്ങിന്റെ സമാപനത്തിൽ ആരാധകരുടെ പ്രിയതാരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ്സ് താരം ബേർണ ബോയും ചേർന്നാണ് ഈ ലോകകപ്പിന്റെ ഔദ്യോഗിക തീം സോങ് ആയ ‘ദായ് ദായ്’ എന്ന ഗാനം അവതരിപ്പിച്ചത്. എൺപതിനായിരത്തിലധികം കാണികൾ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി ഇരുവരും ചേർന്ന് നടത്തിയ തത്സമയ സംഗീത പ്രകടനം കാണികളിൽ വലിയ ആവേശം നിറച്ചു.

കൂടാതെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി, വരാനിരിക്കുന്ന ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈം ഷോയിൽ ഷക്കീറ സംഗീതവിരുന്ന് ഒരുക്കും. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ സമാപന കൺസേർട്ടിലാണ് താരം വീണ്ടും ചരിത്രം കുറിക്കാൻ വേദിയിലെത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.