’16 വയതിനിലേ’യുടെ സ്രഷ്ടാവ് ഇനി ഓർമ്മ; ഭാരതിരാജ വിടവാങ്ങി

ചെന്നൈ: തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളുടെ കൃത്രിമത്വത്തില്‍ നിന്നു മോചിപ്പിച്ച് യഥാര്‍ത്ഥ ഗ്രാമീണ ഭംഗിയിലേക്കും പച്ചയായ റിയലിസത്തിലേക്കും നയിച്ച ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ആണ് മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ആശുപത്രി വിട്ട് വസതിയില്‍ തിരിച്ചെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം 2025-ല്‍ മകനും നടനുമായ മനോജ് ഭാരതിരാജയുടെ (48) അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ മാനസികാഘാതം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കുകയായിരുന്നു. 1941-ല്‍ ജനിച്ച ഭാരതിരാജ, തമിഴ് സിനിമയുടെ അതുവരെയുള്ള നാടകീയ വ്യാകരണത്തെ പൂര്‍ണ്ണമായും പൊളിച്ചെഴുതിയ പ്രതിഭയാണ്. 1977-ല്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവരെ അണിനിരത്തി സംവിധാനം ചെയ്ത ’16 വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലായി മാറി.
മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്ര പ്രതിഭ എം. കൃഷ്ണന്‍നായരുടെ സഹസംവിധായകനായാണ് ഭാരതിരാജ സിനിമാജീവിതം ആരംഭിക്കുന്നത്. കൃഷ്ണന്‍നായരെ തന്റെ ഗുരുവായിട്ടാണ് അദ്ദേഹം എക്കാലവും ആദരിച്ചിരുന്നത്. ‘സിഗപ്പ് റോജാക്കള്‍’, ‘കിഴക്കേ പോകും റെയില്‍’, ‘മുതല്‍ മര്യാദൈ’, ‘വേദം പുതിത്’, ‘കിഴക്ക് ചീമയിലെ’, ‘നിഴലുകള്‍’, ‘അലൈകള്‍ ഓയ്വതില്ലൈ’, ‘ടിക് ടിക് ടിക്’, ‘ഒരു കൈതിയിന്‍ ഡയറി’ തുടങ്ങി അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ അനശ്വരമായ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ശിവാജി ഗണേശന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായി. 2023-ല്‍ ആമസോണ്‍ പ്രൈമിലെ ‘മോഡേണ്‍ ലവ് ചെന്നൈ’ എന്ന ആന്തോളജിയിലെ ‘പറവൈ കൂട്ടില്‍ വാഴും മാനുകള്‍’ എന്ന ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
സംവിധാനത്തിന് പുറമെ മികച്ചൊരു നടന്‍ കൂടിയായിരുന്നു ഭാരതിരാജ. ‘ആയുധ എഴുത്ത്’, ‘നമ്മളവര്‍’, ‘തിരുച്ചിറ്റമ്പലം’, ‘പാണ്ഡ്യനാട്’, ‘ഈശ്വരന്‍’, ‘മഹാരാജ’ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ, മോഹന്‍ലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ ‘തുടരും’ എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഭാരതിരാജ ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. ‘തമിഴ് സിനിമയ്ക്ക് മുകളിലെ കറുത്ത മേഘമാണ് ഈ വിയോഗമെന്നും, ചലച്ചിത്ര നിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ പാഠപുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍’ എന്നും നടി ഖുശ്ബു സുന്ദര്‍ അനുശോചിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.