ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി ഏർപ്പെടുത്തിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിങ്) സംവിധാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ അടിയന്തര നടപടി. കേസ് കൂടുതൽ വാദത്തിനായി ഈ മാസം 12-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
പരീക്ഷണഘട്ടത്തിൽ തന്നെ പൂർണ്ണമായും പരാജയപ്പെട്ട ഒരു സംവിധാനം കൃത്യമായ മുൻകരുതലുകളില്ലാതെ സിബിഎസ്ഇ അധികൃതർ ധൃതിപിടിച്ച് നടപ്പിലാക്കുകയായിരുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്ലസ്ടു പരീക്ഷ ആരംഭിക്കുന്നതിന് വെറും ഒരു മാസം മുൻപ് മാത്രമാണ് ഡൽഹിയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒഎസ്എം പരിഷ്ക്കരണത്തിന്റെ ട്രയൽ റൺ നടത്തിയത്. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, ഡൽഹി സർക്കാർ സ്കൂളുകൾ, പ്രമുഖ സ്വകാര്യ സ്കൂളുകൾ എന്നിവടങ്ങളിലെ പ്രിൻസിപ്പൽമാർ അടങ്ങുന്ന പ്രത്യേക സമിതിയെയായിരുന്നു ഇതിന്റെ മേൽനോട്ടത്തിനായി നിയോഗിച്ചിരുന്നത്.
ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി കമ്പ്യൂട്ടർ സ്ക്രീൻ വഴി മൂല്യനിർണ്ണയം നടത്തുന്ന ഈ പരീക്ഷണത്തിൽ തുടക്കം മുതൽ തന്നെ ഗുരുതരമായ സാങ്കേതിക തകരാറുകളാണ് കണ്ടെത്തിയത്. ചില ചോദ്യങ്ങൾക്ക് കൂടുതൽ മാർക്ക് നൽകുമ്പോൾ സിസ്റ്റത്തിൽ അത് കുറഞ്ഞ മാർക്കായി രേഖപ്പെടുത്തുക, അധ്യാപകർ രേഖപ്പെടുത്തുന്ന കൃത്യമായ മാർക്ക് സ്ക്രീനിൽ തെളിയാതിരിക്കുക, ഉപചോദ്യങ്ങളുള്ളവയിൽ ഏതെങ്കിലും ഒരു ഭാഗത്തിന് മാത്രമേ മാർക്ക് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ തുടങ്ങിയ അപാകതകൾ ട്രയൽ റണ്ണിൽ വ്യക്തമായിരുന്നു. ഇതിനുപുറമെ കമ്പ്യൂട്ടർ സിസ്റ്റം ഇടയ്ക്കിടെ ഹാങ് ആവുക, എല്ലാ മാർക്കുകളും രേഖപ്പെടുത്തിയാലും അന്തിമ പട്ടികയിൽ ചിലത് വിട്ടുപോവുക, എഴുതാത്ത ശൂന്യമായ പേജുകൾക്ക് വരെ മാർക്ക് രേഖപ്പെടുത്താൻ കഴിയുക തുടങ്ങിയ ഗുരുതരമായ സുരക്ഷാ വീഴ്ചകളും പ്രിൻസിപ്പൽമാരുടെ സമിതി കണ്ടെത്തിയിരുന്നു.
ബംഗാൾ രണ്ടാം ഘട്ട വോട്ടെടുപ്പ്: 142 മണ്ഡലങ്ങളിൽ കനത്ത സുരക്ഷ; മമതയും സുവേന്ദുവും നേർക്കുനേർ; റെക്കോർഡ് പോളിംഗ് പ്രതീക്ഷ
ഈ സാങ്കേതിക പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി ഒഎസ്എം സംവിധാനം കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് പ്രിൻസിപ്പൽമാരുടെ സമിതി സിബിഎസ്ഇ ബോർഡിനോട് ശക്തമായി ശുപാർശ ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഏതെങ്കിലും ചില മേഖലകളിൽ മാത്രം ഇത് ആദ്യം നടപ്പിലാക്കാമെന്ന നിർദ്ദേശവും സമിതി മുന്നോട്ടുവെച്ചു. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞ സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും രാജ്യവ്യാപകമായി ഈ പരിഷ്കാരം നടപ്പിലാക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ഉണ്ടായ ഈ വൻ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.


ഭരണകൂടം മാറുന്നു, ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി; യോഗേഷ് ഗുപ്ത മടങ്ങിയെത്തുന്നത് പിണറായിക്ക് വിനയാകും; താക്കോല്‍ സ്ഥാനങ്ങളില്‍ ‘ഇടതുവിരുദ്ധര്‍’ വരും; ആഭ്യന്തരമന്ത്രി ആരെന്നത് നിര്‍ണ്ണായകം





