ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമുള്ള തന്റെ രാജി അണ്ണാമലൈ ദേശീയ നേതൃത്വത്തിന് കൈമാറുകയും കേന്ദ്ര നേതൃത്വം അത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അണ്ണാമലൈയുടെ രാജി കേന്ദ്രം സ്വീകരിച്ച കാര്യം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അണ്ണാമലൈ പാർട്ടി വിടുമെന്ന തരത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
പുതിയ പ്രഖ്യാപനത്തോടെ ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ ബിജെപിയെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. കുറിപ്പിൽ ഒരിടത്തുപോലും ബിജെപിയെക്കുറിച്ചോ പാർട്ടിയിലെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം പരാമർശിച്ചിരുന്നില്ല. പാർട്ടി വിടുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ വന്ന ഈ പോസ്റ്റ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുകയായിരുന്നു. സുഹൃത്തുക്കൾക്കും മുതിർന്നവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തമിഴ്നാടിന്റെ ശോഭനമായ ഭാവിക്കായി തുടർന്നും പ്രവർത്തിക്കാൻ ജനങ്ങളുടെ സ്നേഹം തനിക്ക് വലിയ ഊർജ്ജമാണെന്നാണ് അന്ന് കുറിച്ചത്.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ. അണ്ണാമലൈ ഔദ്യോഗികമായി രാജി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക് ഒടുവിലാണ് അദ്ദേഹം ഇന്ന് തന്റെ ഔദ്യോഗിക രാജി പ്രഖ്യാപനം നടത്തിയത്. ദക്ഷിണേന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ബിജെപി വലിയ തോതിൽ ആശ്രയിച്ചിരുന്ന ഒരു പ്രമുഖ നേതാവിന്റെ പെട്ടെന്നുള്ള ഈ പടിയിറക്കം ദേശീയ തലത്തിലും വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.
നൈപുണ്യ വികസനത്തിന്റെ പേരില്‍ 10,000 കോടിയുടെ കൊള്ള; കേന്ദ്രത്തിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഗുണഭോക്താക്കളില്‍ 94% പേരും വ്യാജം


നയതന്ത്രത്തില്‍ ‘ഇന്ത്യ ഫസ്റ്റ്’; മോദി സര്‍ക്കാരിന് കൈയടിച്ച് കോണ്‍ഗ്രസ് പ്രമുഖന്; രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കിടെ പ്രതിപക്ഷം ഭിന്നിക്കുന്നു; മനീഷ് തിവാരിയും മോദിയ്ക്കൊപ്പം





