അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്‍മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്

കോഴിക്കോട്: കോടിക്കണക്കിന് അയ്യപ്പഭക്തര്‍ പുണ്യമായി കരുതുന്ന ശബരിമല ക്ഷേത്രത്തിലെ അഭിഷേകത്തിനായുള്ള നെയ്വിതരണത്തില്‍ വന്‍ ക്രമക്കേടും കോടികളുടെ തട്ടിപ്പും. മില്‍മ ശബരിമലയിലേക്ക് നല്‍കിയ ഉയര്‍ന്ന ഗുണനിലവാരമുള്ള നെയ്യ് വഴിമാറ്റി മറിച്ചുവില്‍ക്കുകയും, പകരം തമിഴ്നാട്ടില്‍ നിന്നുള്ള വിലകുറഞ്ഞ തരംതാണ നെയ്യ് മില്‍മയുടെ പേരില്‍ സന്നിധാനത്ത് എത്തിച്ച് കോടികള്‍ തട്ടിയെന്നുമാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍.
ലിറ്ററിന് 540 രൂപ നിരക്കില്‍ 2 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മില്‍മയുടെ തിരുവനന്തപുരം യൂണിയനും തമ്മില്‍ കരാറൊപ്പിട്ടിരുന്നത്. ഇതില്‍ 1.50 ലക്ഷം ലിറ്റര്‍ നെയ്യാണു മണ്ഡല-മകരവിളക്ക് കാലത്ത് (നവംബറിനും ജനുവരിക്കുമിടയില്‍) മില്‍മ നല്‍കിയത്. മില്‍മയുടെ ഒരു ലിറ്റര്‍ നെയ്യിന് പൊതുവിപണിയില്‍ 720 രൂപ വിലയുള്ളപ്പോഴാണ് ഈ അട്ടിമറി. തമിഴ്നാട്ടില്‍ നിന്നു ലിറ്ററിന് വെറും 350 രൂപയ്ക്ക് നെയ്യ് ലഭ്യമാകും എന്നതിനാലാണ്, മില്‍മയുടെ നെയ്യ് മറിച്ചുവിറ്റ് വന്‍കിട മാഫിയ ഇരട്ടി ലാഭം കൊയ്തത്.
അവിശ്വസനീയമായ കടത്തുനിരക്ക്: പത്തനംതിട്ട ഡെയറിയില്‍ നിന്നു സന്നിധാനത്തും പമ്പയിലുമൊക്കെ നെയ്യ് എത്തിക്കുന്നതിന് മില്‍മ കടത്തുകരാര്‍ നല്‍കിയത് 15 ലിറ്ററിന്റെ ഒരു ടിന്നിന് വെറും 19 രൂപ എന്ന നിരക്കിലാണ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്ത രണ്ടാമത്തെ ഏജന്‍സി നല്‍കിയ നിരക്കാകട്ടെ ടിന്നിന് 44 രൂപയായിരുന്നു. ഇത്രയും വലിയ വ്യത്യാസം കടത്തുനിരക്കില്‍ വന്നതാണ് അഴിമതിയുടെ ആദ്യ സൂചന.
ഇ-ടെന്‍ഡര്‍ അട്ടിമറിച്ചു: 2 ലക്ഷം ലിറ്ററിന് കടത്തുകരാര്‍ വിളിച്ചാല്‍ ഇ-ടെന്‍ഡര്‍ നിര്‍ബന്ധമാകും എന്നതിനാല്‍, കൂടുതല്‍ ഏജന്‍സികള്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ വെറും 50,000 ലിറ്ററിനുള്ള കരാര്‍ മാത്രമാണ് വിളിച്ച് ഉറപ്പിച്ചത്. ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ ഇടപെടലുകളുണ്ടെന്ന ആക്ഷേപം ശക്തമാണ്.
തമിഴ്നാട് വണ്ടികളും ഇ-വേ ബില്‍ ഇല്ലായ്മയും: പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിന്നു ശബരിമലയിലേക്ക് നെയ്യ് എത്തിച്ച 3 വാഹനങ്ങളും തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളവയാണ്. 50,000 രൂപയില്‍ കൂടുതലുള്ള സാധനങ്ങള്‍ കടത്തുമ്പോള്‍ ഇ-വേ ബില്‍ നിര്‍ബന്ധമാണെന്നിരിക്കെ, ഈ വാഹനങ്ങള്‍ക്ക് കഴിഞ്ഞ 2 വര്‍ഷമായി ഒരു ഇ-വേ ബില്‍ പോലുമില്ലെന്നാണ് ലഭിക്കുന്ന സൂചന.
ശബരിമലയിലേക്കുള്ള നെയ്യ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ  പതിവായി പരിശോധിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ പരിശോധിച്ച 1.50 ലക്ഷം ലിറ്റര്‍ നെയ്യിലും ഒരേ ബാച്ച് നമ്പറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരമാവധി 5,000 ലിറ്റര്‍ വരെ മാത്രമാണ് ഒരു ബാച്ചില്‍ സാധാരണ ഉണ്ടാകുക എന്നതിനാലാണ് 1.50 ലക്ഷം ലിറ്ററിലും ഒരേ നമ്പര്‍ വന്നത് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്നത്.
എത്തുന്ന എല്ലാ ലോഡുകളും വിശദമായി പരിശോധിക്കുന്നത് ഒഴിവാക്കാനും വ്യാജ നെയ്യ് പിടിക്കപ്പെടാതിരിക്കാനും വേണ്ടിയാണ് ഈ ഒറ്റ ബാച്ച് നമ്പര്‍ തട്ടിപ്പ് നടത്തിയത്. ദേവസ്വത്തിലെയും മില്‍മയിലെയും ഏതൊക്കെ ഉന്നതരാണ് ഈ കോടികളുടെ കൊള്ളയ്ക്ക് പിന്നിലെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.