700 കോടിയുടെ വ്യാജ പ്രതിരോധ കരാര്‍ തട്ടിപ്പ്; പോലീസിനെയും കോടതിയെയും വിഡ്ഢികളാക്കി ‘ഡോക്ടര്‍ സാബ്’ വിദേശത്തേക്ക് കടന്നു

കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ വ്യാജ ആയുധനിര്‍മാണ കരാര്‍ കാട്ടി 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റിന്റെ മുഖ്യസൂത്രധാരന്‍ ‘ഡോക്ടര്‍ സാബ്’ പോലീസിനെയും കോടതിയെയും അമ്പരപ്പിച്ചുക്കൊണ്ട് വിദേശത്തേക്ക് കടന്നു. യഥാര്‍ത്ഥ പേരോ വിലാസമോ പോലുമില്ലാതെ ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയതും രാജ്യം വിട്ടതും. കേരള പോലീസിന്റെ എഫ്‌ഐആറിലും പ്രതി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലും വക്കാലത്തിലുമൊന്നും ‘ഡോക്ടര്‍ സാബിന്റെ’ യഥാര്‍ഥ വിവരങ്ങള്‍ ഇല്ലാതിരുന്നതാണ് ഈ വന്‍ അട്ടിമറിക്ക് വഴിയൊരുക്കിയത്.
ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സ്വന്തം പേരും മേല്‍വിലാസവും വെളിപ്പെടുത്താതെ ജാമ്യം നേടി മുങ്ങിയത് നിയമവൃത്തങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായ വക്കീലിന് പോലും ഈ ‘ഡോക്ടര്‍ സാബി’നെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രതി ജാമ്യമെടുക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനെത്തിയ പരാതിക്കാരന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച മറുപടി വലിയ ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതികള്‍ ജാമ്യമെടുക്കുമ്പോള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ഒരാഴ്ചയില്‍ കൂടുതല്‍ സ്റ്റേഷനില്‍ സൂക്ഷിക്കാറില്ല എന്ന വിചിത്രമായ ന്യായമാണ് പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരന് ലഭിച്ചത്.
തട്ടിപ്പിന്റെ ആദ്യഘട്ടം മുതല്‍ പ്രോസിക്യൂഷന്‍ സംവിധാനത്തിലും പോലീസിലും ഉള്ള ചില ഉന്നതര്‍ പ്രതികള്‍ക്ക് ഒത്താശ ഒഴുക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ആള്‍മാറാട്ടവും നാടകീയമായ ജാമ്യം നേടലും. ഹൈക്കോടതി നിര്‍ദേശിച്ച കര്‍ശനമായ ജാമ്യ വ്യവസ്ഥകളെല്ലാം കാറ്റില്‍പ്പറത്തിയാണ് മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ടിരിക്കുന്നത്.
വ്യാജ പ്രതിരോധ കരാര്‍ കാട്ടി കോടികള്‍ തട്ടിയ റാക്കറ്റിലെ മറ്റ് പ്രതികളും രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കേസിലെ മറ്റൊരു മുഖ്യപ്രതിയും നിലവില്‍ ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന ആളുമായ കൊല്ലം സ്വദേശി വെങ്കിട്ട വെങ്കിട് കാനഡയിലേക്ക് കുടിയേറാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തിലാക്കി എന്നാണ് ലഭിക്കുന്ന വിവരം.
ഉന്നത സ്വാധീനമുപയോഗിച്ച് പ്രതികള്‍ ഓരോരുത്തരായി രാജ്യം വിടുമ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ് കേരള പോലീസ്. വന്‍കിട നിക്ഷേപകരെ കെണിയില്‍ വീഴ്ത്തി 700 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഇനി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.