ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ പുതിയ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി കരുത്ത് തെളിയിച്ച കേരളത്തിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ ബിജെപി ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി
സി. സദാനന്ദൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ മാസ്റ്റർക്ക്, പാർട്ടിക്കായി വലിയ ത്യാഗം സഹിച്ച മുതിർന്ന നേതാവ് എന്ന പരിഗണനയും കേഡർമാർക്കിടയിലെ വൈകാരിക സ്വാധീനവും അനുകൂല ഘടകങ്ങളായി മാറുന്നുണ്ട്. ഇതിനൊപ്പം മുൻ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും കേന്ദ്ര നേതൃത്വവുമായുള്ള ഊഷ്മളമായ ബന്ധവും പരിഗണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവനേതാവുമായ അനൂപ് ആന്റണിക്കും വലിയ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ദേശീയ വക്താവ് അനിൽ ആന്റണിയും കേന്ദ്രമന്ത്രിമാരുടെ അന്തിമ പട്ടികയിലുണ്ടെന്നാണ് വിവരം പുറത്തുവരുന്നത്. വരാനിരിക്കുന്ന പുനഃസംഘടനയിൽ ഇവരിൽ ആർക്കാകും കേന്ദ്രമന്ത്രിസഭയിലേക്ക് നറുക്ക് വീഴുകയെന്ന ആകാംഷയിലാണ് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളും അണികളും ഉറ്റുനോക്കുന്നത്.
ശബരിമലയില്‍ വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിംഗ്? സംവിധായകന് അനുരാജ് മനോഹര്‍ കുരുക്കില്‍;ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി!







