തിരുവനന്തപുരം/നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരന് അര്‍ഷദിന്റെ ദാരുണമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഇരയായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രി ബിന്ദു കൃഷ്ണയുടെ അസാധാരണ ഇടപെടല്‍. മന്ത്രിപദവിയിലേക്ക് എത്തിയതിന് പിന്നാലെ ജനങ്ങളുടെ വേദനകളിലേക്ക് ഇറങ്ങിച്ചെന്ന് കരളലിയിക്കുന്ന സാന്ത്വനമേകാനും, കുറ്റവാളികള്‍ക്കും ഒത്തുകളിച്ച പൊലീസിനും എതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും മന്ത്രി കാട്ടിയ തന്റേടം പൊതുസമൂഹത്തിന്റെ കയ്യടി നേടുകയാണ്. ‘വെല്‍ഡണ്‍ മിനിസ്റ്റര്‍ ബിന്ദു കൃഷ്ണ’ എന്ന് ജനങ്ങള്‍ ഒരേസ്വരത്തില്‍ പറയുമ്പോള്‍, ഈ തുടക്കം ഒരു പുതിയ ഭരണശൈലിയുടെ സൂചനയാകുന്നു.
നെടുമങ്ങാട് കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ക്രൂരതകള്‍ക്കിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആദ്യഭാര്യ ആമിനയെ കാണാന്‍ മന്ത്രി ബിന്ദു കൃഷ്ണ എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. ശാരീരിക-മാനസിക പീഡനങ്ങള്‍ മൂലം അവ്യക്തമായ വാക്കുകളിലൂടെയാണ് ആമിന താന്‍ അനുഭവിച്ച നരകയാതനകള്‍ വിവരിച്ചത്. എന്നാല്‍ ആ അവസ്ഥ മനസ്സിലാക്കാന്‍ മന്ത്രിക്ക് വാക്കുകള്‍ വേണ്ടി വന്നില്ല. ആമിനയുടെ കവിളില്‍ സ്നേഹപൂര്‍വ്വം തട്ടി, ‘മക്കള്‍ ധൈര്യായിട്ട് ഇരി, മിടുക്കിയായിട്ടിരുന്ന് മരുന്നും കഴിച്ച് പഴയപോലെ ആകണം’ എന്ന് മന്ത്രി ആശ്വസിപ്പിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ആമിനയുടെ മികച്ച ചികിത്സയ്ക്കായി ആരോഗ്യവകുപ്പുമായി നേരിട്ട് സംസാരിക്കുമെന്നും കുടുംബത്തിന് മന്ത്രി ഉറപ്പുനല്‍കി.
പതിനെട്ടാം വയസ്സു മുതല്‍ ആമിന അഷ്കറിന്റെയും കുടുംബത്തിന്റെയും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയായിരുന്നുവെന്ന് ഉമ്മ ഷൈല മന്ത്രിയോട് കണ്ണീരോടെ പറഞ്ഞു. മുന്‍പ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ അഷ്കറിനെതിരെ കൃത്യമായി പരാതി നല്‍കിയിട്ടും അന്നത്തെ സി.ഐ. യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊലീസിന്റെ ഈ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അഷ്കറിന് കൂടുതല്‍ ക്രൂരതകള്‍ കാട്ടാന്‍ ലൈസന്‍സ് നല്‍കിയതെന്ന കുടുംബത്തിന്റെ ആക്ഷേപം മന്ത്രി പൂര്‍ണ്ണമായും ശരിവെച്ചു.
കൊലപ്പെട്ട ഒന്നരവയസ്സുകാരന് അര്‍ഷദിന്റെ അച്ഛന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ പാലോട് മീന്മുട്ടിയിലെ വീട്ടിലെത്തി. അഷ്കറിന്റെ ഒപ്പമുള്ള അവിഹിത ബന്ധങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഖിലിന്റെ മാതാപിതാക്കളായ സുനില്‍കുമാറിനെയും ഷീനയെയും കണ്ട മന്ത്രിയോട് അവര്‍ തങ്ങളുടെ സങ്കടക്കടല്‍ തുറന്നുപറഞ്ഞു. അഖിലിന്റെ മരണശേഷം കുഞ്ഞിനെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്നും, ഒടുവില്‍ ചേതനയറ്റ ശരീരമാണ് കണ്ടതെന്നും പറഞ്ഞ് അവര്‍ മന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
‘അഷ്കറിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കും. പ്രതിക്ക് ഒത്താശ ചെയ്യുകയും പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. അവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ആഭ്യന്തരമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കും. തകര്‍ന്നുപോയ ആ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.’
മന്ത്രി ബിന്ദു കൃഷ്ണ
കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുള്ള ആമിനയുടെ സഹോദരന്റെ നിഗൂഢ മരണവും പുതിയ അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് ഗൗരവമായ അന്വേഷണം ഉണ്ടാകും. ഒപ്പം, ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ബോധവല്‍ക്കരണ പദ്ധതിയും സുരക്ഷാ പദ്ധതിയും അടിയന്തരമായി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അധികാരത്തിന്റെ ശീതളമുറികളില് ഇരിക്കാതെ, താഴെത്തട്ടിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ ബിന്ദു കൃഷ്ണ കാട്ടിയ ഈ അസാധാരണ കരുണയും തന്റേടവും കേരളത്തിന് പുതിയൊരു മാതൃകയാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തുടക്കത്തില്‍ കാട്ടിയ ഈ ഗംഭീരമായ ആര്‍ജ്ജവം ഇനിയുള്ള നാളുകളിലും തുടരട്ടെ എന്നാണ് കേരള മനസ്സാക്ഷി ആശംസിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രമുഖ ആത്മീയ ആചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു




