തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസില്‍ അസാധാരണമായൊരു പ്രതിസന്ധി തലപൊക്കുന്നു. പാര്‍ട്ടിയെ നയിക്കേണ്ട ഉന്നത നേതാക്കളെല്ലാം ഒന്നിച്ച് മന്ത്രിസഭയിലേക്ക് മാറിയതോടെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന് പൂര്‍ണ്ണമായും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അത് ഔദ്യോഗികമായി വിലയിരുത്താന്‍ പോലുമുള്ള യോഗങ്ങള്‍ ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ, പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പല മുതിര്‍ന്ന നേതാക്കളുടെയും അധ്യക്ഷ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. ആന്റോ ആന്റണി, ബെന്നി ബെഹന്നാന്, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ എംപിമാര്‍ കെപിസിസി പദം മോഹിക്കുന്നുണ്ട്.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു കഴിഞ്ഞു. ഇതിന് പുറമെ വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാറും പി.സി. വിഷ്ണുനാഥും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ പാര്‍ട്ടി ഭരണത്തിന്റെ തലപ്പത്ത് വന്‍ ശൂന്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടാകുമ്പോള്‍ ഇന്ദിരാഭവനിലെത്തി ഉച്ചഭക്ഷണം കഴിക്കുന്നതിനിടയില്‍ സണ്ണി ജോസഫ് നോക്കുന്ന ചില അടിയന്തര ഫയലുകളില്‍ മാത്രമായി കെ.പി.സി.സി. ഭരണം ഒതുങ്ങുകയാണ്. ഒരു മുഴുവന്‍സമയ അധ്യക്ഷനില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പകരക്കാരനെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം തന്നെ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ കെ.പി.സി.സി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ എ.ഐ.സി.സി. ഇക്കുറി കടുംപിടുത്തത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ആരെയും പാര്‍ട്ടിയുടെ പരമോന്നത പദവിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിലപാട്. തിരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയില്‍ എത്തിയവര്‍ക്ക് ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. എന്നാല്‍, ഇതിലും കടുപ്പമേറിയ നിര്‍ദ്ദേശം മറ്റൊന്നാണ്തിരഞ്ഞെടുപ്പില് മത്സരിച്ച് തോറ്റവരെപ്പോലും പാര്‍ട്ടി പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. ഈ ഒറ്റ മാനദണ്ഡം നടപ്പിലായാല്‍, തോല്‍വിക്ക് ശേഷം പാര്‍ട്ടി പുനഃസംഘടനയിലൂടെ അധ്യക്ഷ കസേര സ്വപ്നം കണ്ടിരുന്ന പല പ്രമുഖ നേതാക്കളും ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും ഔട്ടാകും.
ഭരണം മാറിയ സാഹചര്യത്തില്‍ വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം പുതിയ ഭരണസമിതികളെ നിശ്ചയിക്കേണ്ടതുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള സ്ഥാനവിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ കോണ്‍ഗ്രസിന് ശക്തമായൊരു പാര്‍ട്ടി നേതൃത്വം അനിവാര്യമാണ്. ചില സ്ഥാപനങ്ങളില്‍ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തി മാത്രമേ പുതിയ ആളുകളെ നിയമിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇന്ദിരാഭവനില്‍ ഇതിനായി ചര്‍ച്ചകള്‍ നയിക്കാന്‍ ആളില്ലാത്തത് ഭരണപരമായ തീരുമാനങ്ങളെപ്പോലും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വരുന്ന ആയിരക്കണക്കിന് അപേക്ഷകളില്‍ വലിയൊരു പങ്ക് പാര്‍ട്ടി ശുപാര്‍ശകളാണ്. ഇതും നിലവില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംവിധാനമില്ല.
കെ.പി.സി.സി.യില്‍ മാത്രമല്ല, പ്രാദേശിക തലത്തിലും കോണ്‍ഗ്രസ് വലിയൊരു നേതൃമാറ്റത്തെ അഭിമുഖീകരിക്കുകയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് പ്രധാന ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാര്‍ ഇക്കുറി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച എം.എല്‍.എ.മാരാണ്. ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന പാര്‍ട്ടി നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നതോടെ ഈ ജില്ലകളിലും പുതിയ അധ്യക്ഷന്മാരെ കണ്ടെത്തേണ്ടി വരും. ജൂണ്‍ പകുതിയോടെ സംസ്ഥാനത്ത് സമഗ്രമായൊരു പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് എ.ഐ.സി.സി. ലക്ഷ്യമിടുന്നത്.
ഭരണം കിട്ടിയെന്ന് കരുതി മന്ത്രിമാര്‍ക്ക് ആര്‍ക്കും സൈ്വര്യവിഹാരം നടത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പും ഡല്‍ഹിയില്‍ നിന്ന് വന്നിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് നേരിട്ട് നിരീക്ഷിക്കുകയും ജനങ്ങള്‍ക്കിടയില്‍ നിന്ന് പൊതുഅഭിപ്രായം ശേഖരിക്കുകയും ചെയ്യും. പ്രകടനം മോശമാണെന്ന് കണ്ടാല്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ ഇടക്കാലത്ത് വച്ച് മന്ത്രിമാരെ മാറ്റാന്‍ മടിക്കില്ലെന്നാണ് കേന്ദ്ര നേതൃത്വം നല്കുന്ന സൂചന. കര്‍ണാടകയില്‍ ഉള്‍പ്പെടെ നടപ്പാക്കിയ ഈ പരീക്ഷണ ശൈലി കേരളത്തിലും കര്‍ശനമായി പിന്തുടരാനാണ് എ.ഐ.സി.സി. തീരുമാനം. ഇതോടെ, വരും ദിവസങ്ങളില്‍ കെ.പി.സി.സി. അധ്യക്ഷ കസേരയ്ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് പോരുകളും നീക്കങ്ങളും അണിയറയില്‍ സജീവമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘നിയമസഭാംഗം’ എന്ന് മലയാളത്തിൽ എഴുതിയാൽ പോരാ! മാത്യു ടി. തോമസ് എംഎൽഎയ്ക്ക് നിയമസഭയിൽ കിട്ടിയ എട്ടിന്റെ പണി





