ബിജെപിയെ ജയിപ്പിക്കാന്‍ യൂസഫലി അന്തര്‍ധാരയുണ്ടാക്കി; ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും നേമത്തും ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം യൂസഫലി യുഡിഎഫിനോട് കാണിച്ച ക്രൂരതയാണ് തന്റെ പരാജയത്തിന് കാരണമായതെന്നും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശരത്ചന്ദ്ര പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ന്യൂനപക്ഷ വോട്ടുകള്‍ മറിച്ചുനല്‍കി എല്‍ഡിഎഫിലെ കടകംപള്ളി സുരേന്ദ്രന്റെ വോട്ടുവിഹിതം കുറയ്ക്കുകയും, അതിലൂടെ ബിജെപിയുടെ വി. മുരളീധരനെ ജയിപ്പിക്കുകയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും സ്‌പോണ്‍സര്‍ ചെയ്ത് വിജയിപ്പിച്ചെടുക്കാന്‍ അന്തര്‍ധാരയുണ്ടാക്കിയത് യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് തുറന്നടിച്ചു.
യൂസഫലിയുടെ നിര്‍ദേശപ്രകാരം മണ്ഡലത്തില്‍ മഹല്‍ കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്തിരുന്നു. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കാന്‍ ഈ യോഗങ്ങളില്‍ നിര്‍ദേശം നല്‍കി. ഇതോടെ തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. ഇതിനുപുറമേ എല്‍ഡിഎഫിന്റെ 6500-ഓളം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
കടുത്ത ത്രികോണ മത്സരത്തിനൊടുവില്‍ വെറും 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് വി. മുരളീധരന്‍ കഴക്കൂട്ടത്ത് നിന്ന് ജയിച്ചുകയറിയത്. മുരളീധരന്‍ 46,564 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിങ് എംഎല്‍എ കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്തായ ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് ലഭിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.