‘അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി’; വര്‍ഷങ്ങളുടെ ദുരിതത്തിനൊടുവില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു

കോഴിക്കോട്: ഒന്‍പത് വര്‍ഷത്തോളം നീണ്ട സമാനതകളില്ലാത്ത ശാരീരിക ദുരിതങ്ങള്‍ക്കും നാല് വര്‍ഷത്തെ തെരുവ് സമരങ്ങള്‍ക്കുമൊടുവില്‍ നീതിയുടെ തണലിലേക്ക് ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളായി പോരാടിയ ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റായി ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചു. ആശുപത്രി വികസന സമിതി വഴിയുള്ള സ്ഥിരനിയമന ഉത്തരവുമായാണ് അവര്‍ ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിലെത്തിയത്.
തനിക്ക് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും തന്നെ അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടിയാണ് ഈ ജോലിയെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ഹര്‍ഷിന മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു. ആരോഗ്യപരമായും വ്യക്തിപരമായും തന്റെ ജീവിതത്തില്‍ വലിയ നഷ്ടങ്ങളാണ് സംഭവിച്ചതെന്നും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാമായിരുന്ന ബിരുദ പഠനം പോലും ഈ ദുരിതങ്ങള്‍ക്കിടയില്‍ മുടങ്ങിപ്പോയതായും അവര്‍ ഓര്‍ത്തെടുത്തു. താന്‍ അങ്ങോട്ട് ആവശ്യപ്പെടാതെയാണ് പുതിയ സര്‍ക്കാര്‍ ജോലി നല്‍കിയതെന്നും ഒപ്പം തുടര്‍ച്ചികിത്സ ഉറപ്പുനല്‍കിയതായും ഹര്‍ഷിന വ്യക്തമാക്കി. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും അടിയന്തര ഇടപെടലുകളെ ഹര്‍ഷിന ഏറെ പ്രശംസിച്ചു.
‘യഥാര്‍ത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വി.ഡി. സതീശന്‍ തെളിയിച്ചു. കേസിന്റെ കാര്യങ്ങളെക്കുറിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ തന്നെ ‘എല്ലാം പരിഹരിച്ചു’ എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തനിക്കൊപ്പം ഉറച്ചുനിന്നു.’ – ഹര്‍ഷിന.
2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം കത്രിക കുടുങ്ങിയത്. വര്‍ഷങ്ങളോളം മാറാത്ത കടുത്ത വേദനയുമായി ജീവിച്ച ഹര്‍ഷിന ഒടുവില്‍ നടത്തിയ പരിശോധനയിലാണ് ഉള്ളില്‍ കത്രികയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് നീതിക്കായി സെക്രട്ടേറിയറ്റ് പടിക്കലും മെഡിക്കല്‍ കോളേജിന് മുന്നിലും കടുത്ത വെയിലിലും മഴയത്തും അവര്‍ക്ക് സമരമിരിക്കേണ്ടി വന്നിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഈ മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയത്തില്‍ പ്രത്യേക താല്പര്യമെടുത്ത് നിയമന ഉത്തരവ് കൈമാറുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.