തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവാഴ്ചയ്ക്കുമെതിരെ അഭൂതപൂര്‍വ്വമായ ആഭ്യന്തര കലാപം പുകയുന്നു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും അദ്ദേഹം ധര്‍മ്മടം എംഎല്‍എ സ്ഥാനം രാജിവെച്ച് മാതൃകയാകണമെന്നും തിരുവനന്തപുരം പാറശ്ശാല ഏരിയ കമ്മിറ്റി യോഗത്തില്‍ ഔദ്യോഗികമായി ആവശ്യമുയര്‍ന്നു. പിണറായി വിജയനെ പ്രകീര്‍ത്തിച്ച് പണ്ട് ‘കാരണഭൂതന്’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ അതേ പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാര്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ പിണറായിക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നത്.
അതേസമയം കോഴിക്കോട് തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനമുന്നയിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സംസ്ഥാന നേതൃത്വം പരസ്യമായ ഭീഷണി മുഴക്കിയതായും വിവരമുണ്ട്. തെറ്റുതിരുത്തലും തുറന്ന വിമര്‍ശനവുമാകാം എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ് പാര്‍ട്ടിക്ക് അകത്ത് നേതാക്കളുടെ ഏകാധിപത്യ ശൈലിക്കെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ നീക്കം നടക്കുന്നത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവര്‍ത്തന ശൈലിക്കും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് ഏരിയ കമ്മിറ്റികളില്‍ കീഴ്ഘടകങ്ങള്‍ ഒന്നടങ്കം ആഞ്ഞടിക്കുകയാണ്.
കഴിഞ്ഞ ഇടത് ഭരണകാലത്ത് പിണറായി വിജയനെ ദൈവതുല്യനാക്കി ‘കാരണഭൂതന്’ പാട്ടുകളും മെഗാ തിരുവാതിരകളും സംഘടിപ്പിച്ച് പാര്‍ട്ടിയില്‍ വ്യക്തിപൂജയ്ക്ക് തുടക്കമിട്ട തിരുവനന്തപുരം പാറശ്ശാല ഏരിയ കമ്മിറ്റിയില്‍ നിന്ന് തന്നെ പിണറായിക്കെതിരെ പടയൊരുക്കം തുടങ്ങിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അന്ന് പിണറായിയെ സ്തുതിക്കാന്‍ മുന്നില്‍ നിന്ന ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാറാണ് ഇന്നലെ നടന്ന യോഗത്തില്‍ പിണറായിക്കെതിരെ ഏറ്റവും കടുത്ത ഭാഷയില്‍ അവിശ്വാസം രേഖപ്പെടുത്തിയത്. തോല്‍വിയുടെ യഥാര്‍ത്ഥ ‘കാരണഭൂതന്’ പിണറായി വിജയന് മാത്രമാണെന്നും സാംസ്കാരിക ഘോഷയാത്രകള്‍ നടത്തി ജനങ്ങളെ വെറുപ്പിച്ചതിന്റെ ഫലമാണ് ഈ പരാജയമെന്നും യോഗം വിലയിരുത്തി.
പാറശ്ശാല ഏരിയ കമ്മിറ്റി റിപ്പോര്‍ട്ടിങ്ങിനിടെ അഡ്വ. എസ്. അജയകുമാര്‍ ഉന്നയിച്ച പ്രധാന ആവശ്യം പിണറായി വിജയന് ഉടനടി ധര്‍മ്മടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ്. പാര്‍ട്ടിയെ ഇത്രയും വലിയൊരു തകര്‍ച്ചയിലേക്ക് നയിച്ച ഒരാള്‍ ഇനി നിയമസഭയില്‍ തുടരുന്നത് പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റ് പറ്റിയാല്‍ പദവികള്‍ ഒഴിഞ്ഞു പോകുന്ന കമ്മ്യൂണിസ്റ്റ് മാതൃക കാട്ടാന്‍ പിണറായി തയ്യാറാകണമെന്നും, പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്ന കല്‍പ്പിത സിംഹാസനത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പാര്‍ട്ടി കോട്ടയായി വിശേഷിപ്പിക്കുന്ന കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ പോലും വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളില്‍ പിണറായി വിജയന് തുടര്‍ച്ചയായി പിന്നോട്ട് പോയത് കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. സ്വന്തം മണ്ഡലം പോലും സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി വിജയന് ഇനി നിയമസഭയില്‍ ഇടതുമുന്നണിയെ നയിക്കാനോ പ്രതിപക്ഷ നേതാവാകാനോ ഉള്ള യാതൊരുവിധ ധാര്‍മ്മിക യോഗ്യതയുമില്ലെന്ന് പാറശ്ശാല ഏരിയ കമ്മിറ്റി ഏകകണ്ഠമായി ചൂണ്ടിക്കാണിച്ചു. തോറ്റ എംഎല്‍എമാരുടെ നിലവാരത്തിലേക്ക് പിണറായി മാറിയെന്നാണ് ഉയരുന്ന ആക്ഷേപം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന് പങ്കെടുത്ത ഔദ്യോഗിക റിപ്പോര്‍ട്ടിങ് യോഗത്തിലാണ് പിണറായി വിജയനെ കശാപ്പ് ചെയ്യുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സാധാരണ ഗതിയില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കീഴ്ഘടകങ്ങള്‍ വലിയ നേതാക്കള്‍ക്കെതിരെ സംസാരിക്കാന്‍ മടിക്കാറുണ്ടെങ്കിലും, ഇത്തവണ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അണികള്‍. കെ.കെ. ജയചന്ദ്രന് തടയാന്‍ ശ്രമിച്ചെങ്കിലും പാറശ്ശാല ഏരിയ സെക്രട്ടറി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
മരുമകന് രാഷ്ട്രീയം പാര്‍ട്ടിയെ നശിപ്പിച്ചുവെന്ന് കോഴിക്കോട് തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ യോഗം കയ്യാങ്കളിയുടെ വക്കോളമെത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ അഹങ്കാരവും അനാവശ്യ ഇടപെടലുകളുമാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയില്‍ പാര്‍ട്ടിയെ തകര്‍ത്തതെന്ന് അംഗങ്ങള്‍ പറഞ്ഞതോടെ, യോഗത്തിലുണ്ടായിരുന്ന സംസ്ഥാന സമിതി അംഗം ചന്ദ്രന് ഭീഷണിയുമായി രംഗത്തെത്തി. റിയാസിനെതിരെ തെളിവ് നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ചന്ദ്രന്റെ പരസ്യ മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാമെന്നും, തിരുത്തലുകള്‍ താഴേത്തട്ട് മുതല്‍ ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ് തിരുവമ്പാടിയില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നത്. നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും എതിരെ സംസാരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താക്കുമെന്ന നിലപാട് എം.വി. ഗോവിന്ദന്റെ ‘തുറന്ന വിമര്‍ശന വാദ’ത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആ വനിതാ നേതാവിനെ ‘സൈബര്‍ ആക്രമണത്തിന്’ എറിഞ്ഞു കൊടുത്ത പഴയ എസ് എഫ് ഐക്കാരന്; അര്ജുന് ആയങ്കിയ്ക്ക് മേട്ടുക്കടയില്‍ അടിച്ചുപൊളിക്ക് അവസരം നല്‍കിയത് ഇടഞ്ഞ സഖാക്കള്‍; മേട്ടുക്കടയിലെ ബോംബേറിന് പിന്നില്‍ ക്ണ്ണൂര്‍ കണക്ഷന്; പോലീസിനെ പേടിച്ച് ആയങ്കി ഓടിയ കഥ




