ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ഇന്ധനവിലയും ചര്‍ച്ച ചെയ്യാനെന്ന ഔദ്യോഗിക വിശദീകരണത്തിനിടയിലും, ജൂണ്‍ രണ്ടാം വാരത്തോടെ നടക്കാനിടയുള്ള മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും തന്നെയാണ് അണിയറയിലെ പ്രധാന അജണ്ടയെന്നാണ് സൂചനകള്‍.
എല്ലാ കേന്ദ്രമന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാനത്ത് തുടരാന്‍ പ്രധാനമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പുതിയ നീക്കങ്ങളും കേരളത്തില്‍ നിന്നുള്ള പ്രതിനിധ്യവുമാണ് ഈ പുനസംഘടനയിലെ ഏറ്റവും നിര്‍ണ്ണായകമായ ആംഗിളുകള്‍. എന്‍ഡിഎ മുന്നണിയുടെ സുഗമമായ മുന്നോട്ടുപോക്കിന് നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പിന്തുണ മോദി സര്‍ക്കാരിന് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ ജെഡിയുവിനെ കൂടുതല്‍ തൃപ്തിപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പ് നിതീഷ് കുമാറിനോ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പ്രമുഖനോ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി ലക്ഷ്യമിട്ടാണ് ബിഹാറിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിലും ഇത്തവണ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. പ്രധാനമായും രണ്ട് പേരുകളാണ് കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭാ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്: ബിജെപി നേതാവുമായ അനൂപ് ആന്റണിയെ ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് ശക്തമായ സൂചനകളുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്ന മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും കെട്ടുറപ്പുള്ള ഒരു യുവ നേതൃത്വത്തെ സംസ്ഥാനത്ത് വളര്‍ത്തിയെടുക്കുന്നതിനും അനൂപ് ആന്റണിയുടെ കടന്നുവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവല്ലയില്‍ മികച്ച പ്രകടനം അനൂപ് ആന്റണി നടത്തിയിരുന്നു.
ജോര്‍ജ് കുര്യന്റെ കാര്യത്തില്‍ അനിശ്ചിതത്വം: നിലവിലെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പദവിയില്‍ നിന്ന് മാറ്റുമോ അതോ നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ചോദ്യം. ജോര്‍ജ് കുര്യന്റെ രാജ്യസഭാ അംഗത്വ കാലാവധിയുമായി ബന്ധപ്പെട്ട തീരുമാനമാകും ഇതില്‍ നിര്‍ണ്ണായകമാവുക. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്ര നേതൃത്വം തയ്യാറായാല്‍ മാത്രമേ അദ്ദേഹത്തിന് മന്ത്രിയായി തുടരാന്‍ സാധിക്കൂ. അല്ലാത്തപക്ഷം, അദ്ദേഹത്തിന് പകരം പുതിയൊരു മുഖത്തെ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭയില്‍ പ്രതിഷ്ഠിക്കാന്‍ ബിജെപി തയ്യാറായേക്കും. അങ്ങനെ വന്നാല്‍ അനൂപ് ആന്റണിക്കുള്ള സാധ്യതകള്‍ ഇരട്ടിക്കും.
മന്ത്രിസഭാ പുനസംഘടനയ്‌ക്കൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളും അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തും. ഗള്‍ഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും എണ്ണവിലയെയും ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ അമിത് ഷാ, നിര്‍മല സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഉന്നതതല മന്ത്രിതല സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയില്‍, എല്‍പിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും, ഒന്നാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് നടക്കാന്‍ പോകുന്ന ഈ അഴിച്ചുപണി മോദി സര്‍ക്കാരിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ നയങ്ങളുടെയും മുന്നണി തന്ത്രങ്ങളുടെയും കൃത്യമായ സൂചനയായിരിക്കും നല്‍കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച് ഇനി മിണ്ടാനാവില്ല; ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍





