പൂനെ : നീറ്റ് പരീക്ഷ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പുനെ സ്വദേശിയായ കെമിസ്ട്രി അധ്യാപകൻ പി.വി. കുൽകർണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നീറ്റ്- യുജി പരീഷാ ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നുവെന്നാണ് സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള രസതന്ത്ര അധ്യാപകനായ ഇയാൾ , പൂനെയിലെ തന്റെ വസതിയിൽ ‘രാജ് കോച്ചിംഗ് ക്ലാസുകൾ’ എന്ന പേരിൽ സ്വകാര്യമായി ക്ലാസുകൾ നടത്തി വരികയായിരുന്നു . നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടന്ന ക്ലാസ്സിൽ ചോദ്യങ്ങൾ, അവയുടെ ഓപ്ഷനുകൾ, ശരിയായ ഉത്തരങ്ങൾ എന്നിവ അധ്യാപകൻ നൽകുകയും,വിദ്യാർത്ഥികൾ അവ നോട്ട്ബുക്കുകളിൽ എഴുതിവെക്കുകയും ചെയ്തു. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുമായി വിദ്യാർത്ഥികളുടെ നോട്ട്ബുക്കുകളിൽ എഴുതിയ ചോദ്യങ്ങൾ ക്രോസ് ചെക്ക് ചെയ്തപ്പോൾ പലതും അക്ഷരാർത്ഥത്തിൽ ഒരുപോലെ ആയിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം പരീക്ഷാ പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ള ഒരാളാണെന്ന് സ്ഥാപിക്കാൻ ഇത് സിബിഐയെ സഹായിച്ചു.
കുൽക്കർണിയുമായി ബന്ധമുള്ള മറ്റൊരു വ്യക്തിയായ മനീഷ വാഗ്മാരെയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഈ റാക്കറ്റിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനാണ് സി.ബി.ഐയുടെ ശ്രമം . നിരവധി വിദ്യാർഥികൾക്ക് മെഡിക്കൽ പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്താമെന്നും കോളേജ് പ്രവേശനത്തിനുള്ള അവസരങ്ങൾ നൽകാമെന്നും വാഗ്ദാനം നൽകി ഇവരിൽ നിന്നും ലക്ഷങ്ങൾ ഈടാക്കി കുൽക്കർണിയിലേക്ക് എത്തിച്ചത് ബ്യൂട്ടി പാർലർ നടത്തിയിരുന്ന വാഗ്മറെ ആയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത് .
പ്രസിഡന്റിന് പിന്നാലെ ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം; പോലീസ് ഓഫീസേഴ്സ് അസോസിയേഷനിൽ നടപടി തുടരുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡുകൾ നടത്തി. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു, ഇപ്പോൾ അവ ഫോറൻസിക്, സാങ്കേതിക വിശകലനത്തിന് വിധേയമാക്കിയിരിക്കുകയാണ്, ഇത് കേസിൽ കൂടുതൽ സൂചനകൾ നൽകുമെന്നാണ് വിവരം.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും സിബിഐ വ്യക്തമാക്കി. ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും! ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും , വീഡിയോ എഡിറ്റിംഗില്‍ ആസൂത്രിത ഗൂഡാലോചന നടന്നോയെന്ന് പരിശോധിക്കും





