തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം മന്ത്രി ആകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ച് രണ്ട് എംപിമാർ. ലോകസഭാഗങ്ങളായ കൊടിക്കുന്നിൽ സുരേഷും, ഷാഫി പറമ്പിലുമാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനം ലക്ഷ്യം വെച്ച് കരുക്കൾ നീക്കുന്നത്.
കോൺഗ്രസിന്റെ രാജ്യത്തെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് കൊടിക്കുന്നിൽ സുരേഷ്. ലോകസഭയിൽ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം പാർലമെന്റിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. എട്ടു പ്രാവശ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നേതാവാണ് കൊടിക്കുന്നിൽ സുരേഷ്. രാഷ്ട്രീയത്തിൽ സീനിയർ ആണെങ്കിലും പ്രായത്തിൽ താരതമ്യേനെ ജൂനിയറാണ്. 1962 ജൂൺ നാലിന് ജനിച്ച അദ്ദേഹത്തിന് 63 വയസ്സ് മാത്രമേ പ്രായമുള്ളൂ.
സ്ഥിരമായി അടൂർ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുരേഷ് രണ്ടു പ്രാവശ്യം മാത്രമാണ് പരാജയപ്പെട്ടത്. അടൂർ ലോകസഭാ മണ്ഡലം ഇല്ലാതായി മാവേലിക്കര മണ്ഡലം രൂപീകൃതമായതോടെ സുരേഷ് ആ മണ്ഡലത്തിന്റെ പ്രതിനിധിയായി. പട്ടികജാതി സമുദായ അംഗമാണ് കൊടിക്കുന്നിൽ സുരേഷ്. സംവരണ മണ്ഡലമായ അടൂരിൽ നിന്നും 1989ലാണ് ആദ്യമായി ലോകസഭയിലേക്ക് എത്തുന്നത്.
2009 ൽ അടൂർ മണ്ഡലം ഇല്ലാതാവുകയും മാവേലിക്കര ലോകസഭാ മണ്ഡലം സംവരണ മണ്ഡലമായി രൂപീകൃതമാവുകയും ചെയ്ത തോടെ സുരേഷ് അവിടേക്ക് മാറുകയായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ യുടെ കേന്ദ്രസർക്കാരിൽ തൊഴിൽ വകുപ്പ് സഹമന്ത്രിയായി കൊടിക്കുന്നിൽ പ്രവർത്തിച്ചിരുന്നു. കോൺഗ്രസ പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സുരേഷ്.
കെപിസിസിയുടെ വർക്കിംഗ് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ലോകസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒഴിവു വരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപെട്ട് സുരേഷ് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാർജുന ഗാർഗേയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കേരളത്തിൽ പാർട്ടി പ്രസിഡണ്ടായി ഒരു പട്ടികജാതിക്കാരൻ വന്നിട്ടില്ലെന്നും അതിനാൽ തന്നെ പരിഗണിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവച്ചിട്ടുള്ള ഷാഫി പറമ്പിൽ വടകര ലോസഭാമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളാണ് 1983 ഫെബ്രുവരി 12ന് ജനിച്ച ഈ 43 കാരൻ.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ ഷാഫി 2018 ൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് പാർലമെന്ററി രംഗത്തേക്ക് എത്തുന്നത്. 2025 മേയ് 9 മുതൽ കെപിസിസിയുടെ ഒരു വർക്കിംഗ് പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം.
കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഷാഫി 2007 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 2009ൽ സംസ്ഥാന പ്രസിഡന്റുമായി. 2017 ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി.
2011നു പുറമേ 2016 ലും 2021ലും നിയമസഭാ അംഗമായ ഷാഫി 2024ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും 114516 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും സിപിഎമ്മിന്റെ അഭിമാനതാര മായിരുന്ന കെ കെ ഷൈലജയെ പരാജയപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞാൽ യു ഡി എഫിന്റെ പ്രധാനപ്പെട്ട താരപ്രചാരകനായിരുന്നു ഷാഫി പറമ്പിൽ. ചെറുപ്പക്കാർക്കിടയിൽ മാത്രമല്ല, മുതിർന്നവർക്കിടയിലും ഒരുപോലെ അംഗീകാരം നേടിയിട്ടുള്ള ഷാഫി എതിരാളികളുടെ കണ്ണിലെ കരടാണ്.
മുസ്ലിം സമുദായത്തിൽ നിന്നുള്ളയാൾ എന്നതാണ് ഷാഫിയുടെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തുറുപ്പുചീട്ട്. ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഒരാൾ കെപിസിസി പ്രസിഡന്റ് ആകുന്നത് ഭൂരിപക്ഷ സമുദായത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ഗുണമുണ്ടാക്കും എന്നാണ് ഷാഫി അനുകൂലികളുടെ വാദം. പാർട്ടി കൂടുതൽ ചടുലമാകാൻ ഷാഫിയുടെ രംഗപ്രവേശം സഹായകമാകുമെന്ന് ഈ വിഭാഗം എടുത്തുകാട്ടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൈക്കമാണ്ട് ഇടപെടല്‍ ഫലം കണ്ടു; സതീശന് നേരിട്ടെത്തി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ശുഭപര്യവസായം





