മലപ്പുറം: മന്ത്രിസഭാ പ്രവേശനത്തിന് പൂർണ്ണസജ്ജമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ഉറപ്പായ മന്ത്രിസ്ഥാനങ്ങളിലേക്ക് അനുയോജ്യരായവരെ നിശ്ചയിച്ച് ഒരുമുഴം മുൻപേ ഭരണത്തിലേക്ക് കയറുകയാണ് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗ്. ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനം പി കെ കുഞ്ഞാലിക്കുട്ടിയ്ക്കാണ്. അദ്ദേഹം തന്നെയായിരിക്കും മന്ത്രിസഭയിൽ ലീഗ് മന്ത്രിമാരെ നയിക്കുന്നത്.
മന്ത്രിമാരിൽ യുവ രക്തത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള തീരുമാനമായിരിക്കും ഇപ്രാവശ്യം ലീഗ് നേതൃത്വത്തിൽ നിന്നുണ്ടാവുക. കുഞ്ഞാലിക്കുട്ടിയുടെ പരിചയസമ്പന്നതയും യുവത്വത്തിന്റെ ചടുതലയും ആവേശവും ഒരുപോലെ സമന്വയിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച എൻ ഷംസുദ്ദീൻ ആയിരിക്കും ലീഗിന്റെ ഒരു മന്ത്രി എന്നാണ് സൂചന. കഴിഞ്ഞ നാല് തവണയായി തുടർച്ചയായി വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയനാണ് ഷംസുദ്ദീൻ. പാലക്കാട് ജില്ലയ്ക്ക് ഷംസുദ്ദീനിലൂടെ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്.
കഴിഞ്ഞ നാല് തവണയായി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്ന പി കെ ബഷീറാണ് മന്ത്രി സാധ്യതയുള്ള അടുത്തയാൾ. ജനകീയനായ നേതാവ് എന്ന് മാത്രമല്ല, മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന പി സീതി ഹാജിയുടെ മകനെന്ന പിൻബലവും ബഷീറിനുണ്ട്. മുൻ നിയമസഭകളിൽ നർമ്മപാടവം കൊണ്ട് എതിരാളികളെ മലർത്തിയടിക്കുന്ന ബഷീർ പൊതുവേ എല്ലാവർക്കും സ്വീകാര്യനാണ്.
മുസ്ലിംലീഗിന്റെ യുവനിരയിലെ തീപ്പൊരി എന്നു വിശേഷിപ്പിക്കാവുന്ന കെ എം ഷാജിക്കാണ് മന്ത്രിസഭയിൽ അടുത്ത
സാധ്യത. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്രാവശ്യം മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും 30325 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാജി വിജയിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ഷി ഹാബ് തങ്ങളുടെ പ്രത്യേക താൽപര്യത്തലാണ് ഇത്തവണ ഷാജിക്ക് വേങ്ങര സീറ്റ് നൽകിയതു തന്നെ. കഴിഞ്ഞ തവണ പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് വേങ്ങര.
പ്രശ്നങ്ങളോട് പൊരുതി ജയിക്കാൻ കഴിവുള്ളവൻ എന്ന പ്രതിച്ഛായയും ഷാജിയുടെ മന്ത്രിസ്ഥാന പരിഗണനയ്ക്ക് പിന്നിലുണ്ട്. പിണറായി സർക്കാർ ഷാജിയെ വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടിയപ്പോൾ ഒരിഞ്ച് പിന്മാറാതെ നിയമ യുദ്ധം നടത്തി സർക്കാരിനുമേൽ ഷാജി വിജയം നേടിയിരുന്നു.
ഉറപ്പായ നാലു മന്ത്രിസ്ഥാനങ്ങളിലേക്കാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. അഞ്ചാമതൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ ലീഗിന്റെ യുവ എംഎൽഎമാരിൽ ശ്രദ്ധേയനായ എ കെ എം അഷ്റഫിനായിരിക്കും സാധ്യത. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നും തുടർച്ചയായി ഇത് മൂന്നാം തവണയാണ് അഷ്റഫ് തെരഞ്ഞെടുക്കപ്പെടുന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് തുടർച്ചയായി ജയിക്കാൻ കഴിയുന്നത് അഷറഫിന്റെ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണെന്ന് പാർട്ടിക്കറിയാം. ഒന്നിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മികച്ച സംഘാടകനായ അഷറഫിനെ മന്ത്രിയാക്കുന്നതിലൂടെ കാസർഗോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാൻ കഴിയും.
പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ബഷീറും കെഎം ഷാജിയും മലപ്പുറം ജില്ലയിൽനിന്നും ജയിച്ചവരാണെങ്കിലും കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമുള്ള ഷാജിയെ കോഴിക്കോട് ജില്ലയുടെ പ്രതിനിധി എന്ന നിലയിലാണ് പാർട്ടി നേതൃത്വം കാണുന്നത്.
പാർട്ടിയുടെ മുതിർന്ന നേതാവ് ഡോ.എം കെ മുനീറിന് മന്ത്രി പദവിയുള്ള ഒരു സ്ഥാനം ലഭ്യമാക്കണമെന്നും ലീഗിന് താല്പര്യമുണ്ട്. കടുത്ത അസുഖബാധിതനായ മുനീറിന്റെ ചി കിത്സയ്ക്ക് ഈ പദവി സഹായകമാകും എന്ന കണക്കുകൂട്ടലാണിതിനുപിന്നിൽ. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടി സ്പീക്കർ,ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നുകൂടി ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍! പൂജപ്പുര ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ആഞ്ചിയോഗ്രാമം നടത്തും



