തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുന്നതോടെ ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് യുഡിഎഫ് നീക്കം തുടങ്ങി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ക്ക് കുടപിടിച്ചുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തില്‍, ജയതിലകിനോട് സ്വമേധയാ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കാനാണ് നീക്കം. ഇതിന് തയ്യാറായില്ലെങ്കില്‍ അച്ചടക്ക നടപടിയടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ നടക്കുന്ന ആലോചന.
പ്രശാന്ത് ഐഎഎസ് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ മുന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ ഒളിച്ചുകളിച്ചുവെന്ന വികാരമാണ് യുഡിഎഫിനുള്ളത്. ചീഫ് സെക്രട്ടറിക്കെതിരായ ഈ പരാതികള്‍ വീണ്ടും പൊടിതട്ടിയെടുക്കാനാണ് തീരുമാനം. ആരോപണങ്ങളുടെ മെറിറ്റ് പരിശോധിച്ച് ജയതിലകിനെ സസ്‌പെന്‍ഷന്‍ ചെയ്യാനുള്ള സാധ്യതയും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. സര്‍ക്കാരിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ ചീഫ് സെക്രട്ടറി പെരുമാറിയോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകും.
പുതിയ ചീഫ് സെക്രട്ടറിയായി ആര് വരണമെന്ന ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് മനോജ് ജോഷിയുടെ പേരാണ്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹം 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്നവരിലൊരാളുമാണ്. നേരത്തെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജോഷിക്ക് 2027 ജനുവരി വരെ കാലാവധിയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ഭരണനിര്‍വ്വഹണത്തിലും വലിയ പരിചയസമ്പത്തുള്ള അദ്ദേഹത്തെ തിരികെ എത്തിക്കാന്‍ യുഡിഎഫ് നേതൃത്വം വ്യക്തിപരമായി താല്പര്യപ്പെടുന്നു.
മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ലെങ്കില്‍, നിലവിലെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കും സാധ്യതയുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അദ്ദേഹത്തെ ചീഫ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കണമെന്ന വാദവും ശക്തമാണ്. ഉദ്യോഗസ്ഥ ഭരണരംഗത്തെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാകും പുതിയ നിയമനം.
ജൂണ്‍ 30 വരെ കാലാവധിയുള്ള ജയതിലകിനെ അതിനു മുന്‍പേ മാറ്റുന്നതിലൂടെ ഭരണത്തില്‍ വലിയൊരു മാറ്റം വരുന്നു എന്ന സന്ദേശം നല്‍കാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ നിഷ്പക്ഷത പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് നിയുക്ത യുഡിഎഫ് മന്ത്രിസഭ. വരും ദിവസങ്ങളില്‍ സെക്രട്ടേറിയറ്റില്‍ കൂടുതല്‍ അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം.
ഭരണം മാറുമ്പോള്‍ കഥ മാറുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ഉദ്യോഗസ്ഥ തലപ്പത്ത് വലിയൊരു ശുദ്ധീകരണത്തിനാണ് വഴിതുറക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ രഹസ്യ വിവരങ്ങള്‍ കൂടി പരിഗണിച്ചാണ് ജയതിലകിനെതിരെയുള്ള നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആ കുംഭമേള കല്യാണത്തിന് അനുമതി കൊടുത്തത് ആധാര്‍ നോക്കി; വീഴ്ച പറ്റിയിട്ടില്ലെന്ന് തമ്പാനൂര്‍ പോലീസ്; വൈറല്‍ വിവാഹത്തില്‍ അടിമുടി ദുരൂഹം; പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക്





